ന്യൂഡൽഹി: ശബരിമല തിരുവാഭരണത്തിൽ പന്തളം രാജകുടുംബത്തിന് അവകാശമില്ലെന്ന് സുപ്രീം കോടതി. ക്ഷേത്രത്തിന് സമർപ്പിച്ച ആഭരണം കൈവശം വയ്ക്കുന്നതെന്തിനെന്നും അതിൽ കുടുംബത്തിന് എന്ത് അവകാശമെന്നും സുപ്രീം കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വെള്ളിയാഴ്ച അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
ആഭരണങ്ങൾ ക്ഷേത്രത്തിന് നൽകാനും അതിന്‍റെ ചുമതല ഒരു ഉദ്യോഗസ്ഥനെ ഏൽപിക്കാനും ബെഞ്ച് മുമ്പ് നിർദേശിച്ചിരുന്നതായി ജസ്റ്റിസ് രമണ പറഞ്ഞു. എന്നാൽ തിരുവാഭരണം രാജകുടുംബത്തിൽ പെട്ടതും പൂർവിക സ്വത്തായതുമാണെന്ന് ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ രാധാകൃഷ്ണൻ അറിയിച്ചു. അതേസമയം, തിരുവാഭരണങ്ങൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ കോടതിയോട് പറഞ്ഞു.
ശബരിമല ക്ഷേത്ര ഭരണത്തിനായി പ്രത്യേക നിയമം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ബില്ലിന്‍റെ കരടിന് രൂപം നല്‍കാന്‍ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. എന്നാൽ ഇതിന് നാലാഴ്ചത്തെ സമയം കൂടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ പറഞ്ഞു.