ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സമരം ശക്തമാകുന്നതിനൊപ്പം കര്‍ഷകര്‍ക്കൊപ്പം സമൂഹത്തിന്‍റെ നാനാമേഖലകളില്‍ നിന്നുള്ളവര്‍ അണിനിരക്കുകയാണ്. മുമ്പ് കുരുക്ഷേത്രയില്‍ സലൂണ്‍ നടത്തിയിരുന്ന ബാര്‍ബര്‍ ലാഭ് സിങ് ഇപ്പോള്‍ ജോലിക്കാര്‍ക്കൊപ്പം ഡല്‍ഹിയില്‍ എത്തി കര്‍ഷകര്‍ക്കായി സൗജന്യ സേവനം ചെയ്യുകയാണ്.

കര്‍ഷക സമരം മൂന്നാഴ്‌ച പിന്നിടുമ്പോള്‍ അവര്‍ക്കായി തന്നാലാകുന്നത് ചെയ്യുകയെന്ന ലക്ഷ്യത്തോടെ സലൂണിലെ മറ്റ് ജീവനക്കാര്‍ക്കൊപ്പമാണ് ലാഭ് സിങ് ഡല്‍ഹിയിലേക്ക് വണ്ടി കയറിയത്. അഞ്ച് ജോലിക്കാര്‍ക്ക് അദ്ദേഹം സ്വന്തം കീശയില്‍ നിന്നും വേതനം നല്‍കുന്നു. ഇനിയുള്ള ദിവസങ്ങളിലും അദ്ദേഹം പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കൊപ്പം ഡല്‍ഹിയിലെ സിംഗു അതിര്‍ത്തിയിലുണ്ടാകും. ഇത്രയും കാലം കര്‍ഷകരുടെ വിയര്‍പ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ജീവിച്ചു. ഇന്ന് അവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലാണ് ലാഭ് സിങ്ങിന്‍റെ ഈ നീക്കത്തിന് പിന്നില്‍. ലാഭ് സിങ്ങിന്‍റെ തീരുമാനത്തെ അഭിന്ദിച്ച് കര്‍ഷകരും രംഗത്ത് വന്നിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്‍റ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കഴിഞ്ഞ 23ാം തീയ്യതി മുതല്‍ ആരംഭിച്ച സമരത്തിന് ഇപ്പോള്‍ പുതിയ ഭാവവും രൂപവുമാണ്. സമരം തുടരുന്നതിനായി ഇതിനകം സുപ്രീം കോടതിയുടെ അനുമതിയും ലഭിച്ചു കഴിഞ്ഞു. സമരക്കാരെ നീക്കണമെന്ന് ആവശ്യപെട്ട് കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി തുടരാന്‍ അനുമതി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന കര്‍ഷക നിയമങ്ങള്‍ക്ക് എതിരെയുള്ള സമരം വിജയം വരെ മുന്നേട്ട് കൊണ്ടുപോകാനാണ് കര്‍ഷകരുടെ തീരുമാനം.