ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് 19നെ ചെറുക്കാന്‍ സിദ്ധ വൈദ്യം പരീക്ഷിക്കാനൊരുങ്ങി സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ സിദ്ധ. സംസ്ഥാനത്തെ സര്‍ക്കാര്‍ കൊവിഡ് സെന്‍ററില്‍ അലോപ്പതി മരുന്നുകള്‍ക്കൊപ്പം സിദ്ധ തെറാപ്പി രോഗികളില്‍ ഫലം കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് സിസിആര്‍എസിന്‍റെ തീരുമാനം. നഗരത്തിലെ 60 കൊവിഡ് രോഗികളില്‍ പഠനം നടത്താനാണ് തീരുമാനം.
കൊവിഡിനെതിരെ സിദ്ധ മരുന്നായ കബാസുരയുടെ ഫലപ്രാപ്‌തി വെളുപ്പെടുത്തുക കൂടിയാണ് ഈ ക്ലിനിക്കല്‍ ട്രയലിലൂടെ ശ്രമിക്കുന്നത്. ഇഞ്ചി, പിപ്പാളി, ഗ്രാമ്പൂ എന്നിവയും മറ്റ് നിരവധി ഔഷധ സസ്യങ്ങളും അടങ്ങിയ ഒരു മരുന്നാണ് കബാസുര കുഡിനീർ. ട്രയല്‍ നടത്തുന്നതിന് ക്ലിനിക്കല്‍ ട്രയല്‍സ് രജിസ്‌ട്രി- ഇന്ത്യയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സിസിആര്‍എസ് ഡയറക്ടര്‍ ഡോ. കെ. കനകവള്ളി പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരിന്‍റെ അനുവാദത്തോടെ കേന്ദ്ര ആയുഷ് മന്ത്രാലയം നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ പഠനം. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 30 കൊവിഡ് രോഗികളില്‍ സിദ്ധ മരുന്നും തെറാപ്പിയും പരീക്ഷിച്ച് വിജയിച്ചെന്നും അടുത്ത ഘട്ടത്തില്‍ കൊവിഡ് രോഗലക്ഷണമില്ലാത്തവര്‍ ഉള്‍പ്പെടെ 60 പേരില്‍ പരീക്ഷിക്കാനാണ് തീരുമാനമെന്നും സിസിആര്‍എസ് ഡയറക്ടര്‍ പറഞ്ഞു.