ഡൽഹി: ജമ്മു കാശ്മീരിൽ ഇന്ത്യ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മുസ്ലിം രാഷ്ട്രങ്ങളുടെ സമ്മേളനത്തിൽ (ഒഐസി - Organisation of Islamic Cooperation) വിമർശനമുന്നയിച്ചിരുന്നു. എന്നാൽ കാശ്മീർ പ്രശ്നം ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണെന്നും അതിൽ മറ്റുള്ളവർ ഇടപെടണ്ട ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മറുപടി നൽകി. 57 രാജ്യങ്ങൾ ചേർന്ന് സമർപ്പിച്ച പ്രമേയത്തിലാണ് ഇന്ത്യയെ വിമർശിച്ച പരാമർശങ്ങളുള്ളത്. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തിൽ സുഷമ സ്വരാജ് പങ്കെടുത്തതിന്‍റെ പിറ്റേന്നാണ് പ്രമേയം പാസ്സാക്കപ്പെടുന്നത്.
സമ്മേളനത്തിൽ സുഷമാ സ്വരാജിനെ അതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി സമ്മേളനത്തിൽ പങ്കെടുക്കാതെ പിൻമാറിയിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ച സുഷമാ സ്വരാജ് ഭീകരതയ്ക്കെതിരെയാണ് ഇന്ത്യ പോരാടുന്നതെന്നും, അതിന് ഒരു മതവുമായും ബന്ധമില്ലെന്ന് പറഞ്ഞിരുന്നു. ഭീകരതയ്ക്ക് മതമില്ലെന്നും ഭീകരതയെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ എതിര്‍ക്കണമെന്നും സുഷമ സ്വരാജ് പറഞ്ഞു.
ചരിത്രത്തിലാദ്യമായാണ് മുസ്ലിം രാഷ്ട്രങ്ങളുടെ സമ്മേളനത്തിൽ ഇന്ത്യ അതിഥിയായെത്തുന്നത്. 17 മിനിറ്റാണ് സുഷമ സ്വരാജ് സമ്മേളനത്തിൽ സംസാരിച്ചത്.