ബെംഗളൂരു: കൊവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് കർണാടക മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ. വിധാൻ സൗധയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ആശുപത്രിയും രോഗികളെ പ്രവേശിപ്പിക്കാൻ വിസമ്മതിക്കരുതെന്നും ചികിത്സ നിഷേധിക്കുന്ന ഏതെങ്കിലും ആശുപത്രി കണ്ടെത്തിയാൽ അവർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജയനഗർ ജനറൽ ആശുപത്രി സന്ദർശനത്തിന് ശേഷം മടങ്ങിയെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കൊവിഡ് കെയർ സെന്‍ററുകള്‍, സർക്കാർ മെഡിക്കൽ കോളജുകൾ, സ്വകാര്യ മെഡിക്കൽ കോളജ്, സർക്കാർ ആശുപത്രികൾ, കോർപ്പറേറ്റ് ആശുപത്രികൾ, ഹോം ഐസൊലേഷൻ എന്നിവ ശരിയായ സൗകര്യങ്ങളോടെയും സർക്കാർ മാർഗനിർദേശങ്ങൾക്കനുസൃതമായും പ്രവർത്തിക്കുന്നുവെന്നും ഇവയെല്ലാം കൊവിഡ് രോഗികളുടെ ചികിത്സക്കായി സർക്കാർ കൊണ്ടുവന്നതാണെന്നും മന്ത്രി പറഞ്ഞു.
ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു ഉൾപ്പെടെ രാജ്യത്തെ നാല് മെട്രോപൊളിറ്റൻ നഗരങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ മരണ നിരക്ക് 1.46 ശതമാനമാണ്. സ്വകാര്യ ലാബുകളുടെ ശേഷി പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പരിശോധന വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും പരിശോധന വർധിപ്പിച്ചാൽ പോസിറ്റീവ് കേസുകളും സ്വാഭാവികമായി വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൗരന്മാർ പരിഭ്രാന്തരാകേണ്ടതില്ല, എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കണം. ചുമ, പനി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാലുടൻ അടുത്തുള്ള ക്ലിനിക്കുകളിൽ പരിശോധന നടത്താൻ അദ്ദേഹം പറഞ്ഞു. അതേസമയം ബെംഗളൂരുവിൽ 400 ആംബുലൻസുകൾ വിന്യസിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സർക്കാർ ശുപാർശ ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെ രോഗികൾക്ക് സുവർണ ആരോഗ്യ സുരക്ഷ ട്രസ്റ്റിന് കീഴിൽ ഇൻഷുറൻസ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വകാര്യ ആശുപത്രികൾ രോഗികളെ പ്രവേശിപ്പിക്കാൻ വിസമ്മതിക്കുകയാണെങ്കിൽ, സഹായം ലഭിക്കാൻ 1912 ഹെൽപ്പ് ലൈനിൽ വിളിക്കുക. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ ചികിത്സാ ചെലവ് സർക്കാർ നിശ്ചയിച്ച നിരക്കനുസരിച്ചായിരിക്കുമെന്നും മന്ത്രി സുധാകർ കൂട്ടിച്ചേർത്തു. സ്വകാര്യ ലാബുകളിൽ പരിശോധനാ ചെലവ് 2,200 രൂപയാണ്.