ഹൈദരാബാദ്: ഇന്ത്യൻ ഹോക്കി ടീമിലെ കളിക്കാരെക്കുറിച്ച് സംസാരിക്കുമ്പോൾ വിട്ട് പോകാനാകാത്ത പേരാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി റാംപാലിന്‍റെ പേര്. എതിരാളികളുടെ പേടി സ്വപമാനായ റാണി ഒരേ സമയം മിഡ് ഫീൽഡിങും പ്രതിരോധവും അനായാസം കൈകാര്യം ചെയ്യുന്ന കളിക്കാരിയാണ്. 1994 ഡിസംബർ നാലിന് ഹരിയാനയിലെ പട്ടണമായ ഷഹാബാദിലാണ് റാണി ജനിച്ചത്. കാള വണ്ടിക്കാരനായ പിതാവിന്‍റെ വരുമാനം മാത്രമായിരുന്നു റാണിയുടെ കുടുംബത്തിന്‍റെ ഏക വരുമാനം. വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു റാണിയുടെ ജീവിതം.
നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് റാണിക്ക് ഹോക്കിയിൽ താൽപര്യം ഉണ്ടാകുന്നത്. ആ ഇഷ്ടം അവരെ ഇന്ത്യൻ ടീമിൽ എത്തിച്ചു. 2009 ൽ 14 വയസുള്ളപ്പോഴാണ് ഹോക്കിയിൽ റാണിയുടെ അരങ്ങേറ്റം. അതും സീനിയർ ഇന്ത്യൻ ടീമിന് വേണ്ടി. പിന്നിട് 2009ലെ ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീം വെള്ളി മെഡൽ നേടുമ്പോഴും നിറ സാനിധ്യമായി റാണി ടീമിൽ ഉണ്ടായിരുന്നു. 2010ൽ പതിനഞ്ചാം വയസ്സിൽ ലോകകപ്പിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ കളിക്കാരി എന്ന പേരും റാണി നേടി. 2013 ലെ ജൂനിയർ ലോകകപ്പിൽ ഇന്ത്യൻ ടീം വെങ്കലം നേടിയപ്പോൾ 'പ്ലയർ ഓഫ് ദി ടൂർണമെന്‍റ്' ആയും റാണി തെരഞ്ഞെടുക്കപ്പെട്ടു.
2016 ൽ റാണിയെ അർജുന അവാർഡ് നൽകി രാജ്യം ആദരിച്ചു. 2014, 2018 ഏഷ്യൻ ഗെയിംസിൽ ഇന്ത്യ വെങ്കലവും വെള്ളിയും നേടിയപ്പോൻ മത്സരങ്ങളിൽ റാണി പ്രധാന പങ്ക് വഹിച്ചിരുന്നു. "കായികരംഗത്തെക്കുറിച്ച് കൂടുതൽ അറിയാത്തതിനാൽ ഞങ്ങൾ അവളെ തടയാൻ ശ്രമിച്ചിരുന്നു, പക്ഷേ ഇന്നവൾ ഇന്ത്യയെ അഭിമാനമായതിൽ എനിക്ക് സന്തോഷമുണ്ട്" റാണിയുടെ പിതാവ് റാംപാൽ പറയുന്നു. 2020 റിപ്പബ്ലിക് ദിനത്തിൽ റാണി ഉൾപ്പെടെ ആറ് അത്‌ലറ്റുകള്‍ക്ക് രാജ്യം പത്മശ്രീ ബഹുമതി നൽകിയിരുന്നു. ഒളിംപിക് മെഡൽ നേടി ചരിത്രം സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ് റാണിയും സംഘവും.