ന്യുഡൽഹി : ഡൽഹി അക്രമത്തിന്‍റെ പശ്ചാത്തലത്തിൽ അമിത് ഷായെ ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി പ്രസിഡന്‍റ് രാം നാഥ് കോവിന്ദിനെ കണ്ടു. സോണിയ ഗാന്ധിയെക്കൂടാതെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ്, ഗുലാം നബി ആസാദ്, കുമാരി സെൽജ, മല്ലികാർജുൻ ഖാർഗെ, മറ്റ് പാർട്ടി നേതാക്കൾ എന്നിവരും രാഷ്ട്രപതി ഭവനിൽ പ്രസിഡന്‍റ് രാം നാഥ് കോവിന്ദിനെ സന്ദർശിച്ചു. "പൗരന്മാരുടെ ജീവൻ, സ്വാതന്ത്ര്യം, സ്വത്ത് എന്നിവ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും അക്രമങ്ങൾ നിയന്ത്രിക്കാൻ കഴിയാത്ത ആഭ്യന്തരമന്ത്രിയെ സ്ഥാനത്തുനിന്നും ഉടൻ നീക്കം ചെയ്യണമെന്നും രാഷ്ട്രപതിയോട് ആവിശ്യപ്പെട്ടിട്ടുണ്ട്," രാഷ്ട്രപതിയെ കണ്ട ശേഷം സോണിയ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, ഡൽഹിയിൽ നടന്ന അക്രമ സംഭവങ്ങൾ കേന്ദ്രസർക്കാരിന്‍റെ മൊത്തം പരാജയത്തിന്‍റെ പ്രതിഫലനമാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിനിടയിൽ സംഭവിച്ചത് വളരെയധികം ആശങ്ക ഉളവാക്കുന്നതാണെന്നും നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭത്തിൽ 34 പേർ മരിക്കുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം വിലയിരുത്താൻ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മൻമോഹൻ സിങ് കൂട്ടിച്ചേർത്തു.
വടക്കുകിഴക്കൻ ദില്ലിയിൽ നടന്ന അക്രമത്തിൽ 18 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും 106 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം, ദേശീയ തലസ്ഥാനത്തെ സ്ഥിതി സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.