ന്യൂഡല്‍ഹി: ലോക്ക് ഡൗൺ തുടരണമെന്ന തീരുമാനമെടുക്കാൻ സര്‍ക്കാര്‍ എന്ത് മാനദണ്ഡമാണ് ഉപയോഗിക്കുന്നതെന്ന് സോണിയ ഗാന്ധി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് സോണിയ ചോദ്യം ഉയർത്തിയത്.“മെയ് 17 ന് ശേഷം, എന്ത്? മെയ് 17 ന് ശേഷം എങ്ങനെ? ലോക്ക് ഡൗൺ എത്രകാലം തുടരണമെന്ന് തീരുമാനിക്കാൻ ഇന്ത്യാ ഗവൺമെന്‍റ് (GoI) എന്ത് മാനദണ്ഡമാണ് ഉപയോഗിക്കുന്നത് ” എന്ന് യോഗത്തിൽ സോണിയ ഗാന്ധി ചോദിച്ചു.
ലോക്ക് ഡൗൺ അവസാനിച്ചതിനുശേഷം സർക്കാർ എന്തുചെയ്യുമെന്ന് യോഗത്തിൽ പങ്കെടുത്ത മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും ആരാഞ്ഞു. ലോക്ക് ഡൗണിന്‍റെ മൂന്നാം ഘട്ടത്തിന് ശേഷം എന്ത് സംഭവിക്കുമെന്ന് അറിയേണ്ടതുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു.
കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സോണിയ ഗാന്ധിയെ കൂടാതെ മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി എന്നിവരും പങ്കെടുത്തു.ലോക്ക് ഡൗണിന്‍റെ മൂന്നാം ഘട്ടത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്.