ബെംഗളുരു: കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിക്കെതിരെ കർണാടകയിലെ ശിവമോഗയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കെയേഴ്സ് ഫണ്ടിനെതിരെ മെയ് 11ന് കോൺഗ്രസ് പാർട്ടി നടത്തിയ ട്വീറ്റിനെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയുന്നത് സോണിയ ഗാന്ധിയാണെന്ന് തിരിച്ചറിഞ്ഞു. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 153,505 എന്നിവ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കോൺഗ്രസ് പാർട്ടി കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രൂക്ഷമായ പ്രസ്താവനകൾ നടത്തിയെന്നും സർക്കാരിനെതിരെ ജനങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അഭിഭാഷകൻ പ്രവീൺ കെവി നൽകിയ പരാതിയിൽ ആരോപിച്ചു.
2020 മെയ് 11ന് കോൺഗ്രസ് പാർട്ടി വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെന്നും പ്രധാനമന്ത്രി കെയേഴ്സ് ഫണ്ട് ദുരുപയോഗം ചെയ്തുവെന്നും ട്വീറ്റുകളിലൂടെ കേന്ദ്ര സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും എഫ്ഐആർ റിപ്പോർട്ട് ചെയ്തു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി കൈകാര്യം ചെയുന്ന ട്വിറ്റർ അക്കൗണ്ടിൽ 2020 മെയ് 11 നാണ് പി എം കെയേഴ്സ് ഫണ്ടിനെ പി എം കെയേഴ്സ് തട്ടിപ്പ് എന്ന ട്വീറ്റുകൾ പ്രസിദ്ധീകരിച്ചത്.