ന്യൂഡൽഹി : രാഷ്‌ട്രീയ നേട്ടങ്ങൾക്കായി സോണിയാ ഗാന്ധി മുതലക്കണ്ണീർ പൊഴിക്കുന്നുവെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. സോണിയാ ഗാന്ധിയുടെ പരാമർശങ്ങൾ നിരുത്തരവാദപരവും പെട്ടെന്നുള്ള രാഷ്ട്രീയ നേട്ടങ്ങൾ ലക്ഷ്യമിട്ടുള്ളതുമാണെന്നും നിർമലാ സീതാരാമൻ പറഞ്ഞു. ഉത്തരവാദിത്തമുള്ള പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കോൺഗ്രസും സോണിയ ഗാന്ധിയും രാജ്യത്ത് ശാന്തിയും സമാധാനവും കാത്തുസൂക്ഷിക്കുന്നതിനാണ് മുൻകൈയ്യെടുക്കേണ്ടത്. കോൺഗ്രസ് പാർട്ടി അക്രമത്തെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വർഗീയ ഭിന്നത സൃഷ്ടിച്ച് ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം ശ്രമിക്കുന്നുവെന്ന് സോണിയാ ഗാന്ധി ഇന്നലെ ആരോപിച്ചതിന് പിന്നാലെയാണ് നിർമലാ സീതാരാമന്‍റെ പ്രതികരണം. സർക്കാർ സ്വന്തം ജനങ്ങളുമായി യുദ്ധം ചെയ്യുകയാണ്. യുവാക്കളെയും വിദ്യാർഥികളെയും അടിച്ചമർത്തുന്നത് മോദി ഗവൺമെന്‍റിന്‍റെ അന്ത്യത്തിന് വേണ്ടിയാണെന്നും സോണിയാ ഗാന്ധി പറഞ്ഞിരുന്നു.