ന്യൂഡല്‍ഹി: സോണിയ ഗാന്ധി കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. അധ്യക്ഷസ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്നും പുതിയ അധ്യക്ഷനെ കണ്ടുപിടിക്കണമെന്നും സോണിയ പാര്‍ട്ടി നേതാക്കളെ അറിയിച്ചതായി റിപ്പോർട്ടുകൾ. നേതൃ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 23 നേതാക്കള്‍ അയച്ച കത്തിന് മറുപടി അറിയിക്കുകയായിരുന്നു സോണിയ. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം നാളെ നടക്കാനിരിക്കെയാണ് സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍ അധ്യക്ഷ സ്ഥാനമൊഴിയുന്നത് സോണിയ ഗാന്ധി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.
ഓഗസ്റ്റ് പത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അധ്യക്ഷ സ്ഥാനത്ത് തുടരാൻ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇനിയും നേതൃസ്ഥാനം ഏറ്റെടുക്കാൻ തയാറല്ലെന്ന് അറിയിക്കുകയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഹരിച്ച് പൂര്‍ണസമയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ടാണ് നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തയച്ചത്.
ഗാന്ധികുടുംബത്തിന് പുറത്തുള്ള ഒരു നേതാവിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് രാജിവച്ച സമയത്ത് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. രാഹുലിന്‍റെ ഈ നിർദേശത്തെ കോൺഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും പിന്തുണച്ചിരുന്നു.
രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവച്ചതിന് ശേഷം നേതാക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി അധ്യക്ഷ സ്ഥാനം വഹിക്കാൻ സോണിയ തയാറായത്.