ബംഗളൂരു: ബിജെപി സർക്കാരിന് പുറത്ത് നിന്ന് പിന്തുണ നല്‍കണമെന്ന ആവശ്യവുമായി ജനതാദൾ എസിലെ ഒരു വിഭാഗം എംഎല്‍എമാർ രംഗത്തെത്തി. കർണാടകയില്‍ ജെഡിഎസ് ഉള്‍പ്പെടുന്ന സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് ആവശ്യം. പാർട്ടിയുടെ ഭാവി പരിപാടികൾ ആസുത്രണം ചെയ്യുന്നതിനായി മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വിളിച്ചുചേർത്ത യോഗത്തിലാണ് എംഎല്‍എമാർ രണ്ട് തട്ടിലായത്.
പ്രതിപക്ഷത്തിരുന്ന് പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന് ഒരു വിഭാഗം എംഎല്‍എമാർ ആവശ്യപ്പെട്ടപ്പോൾ ബിജെപി സർക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം എംഎല്‍എമാർ രംഗത്തെത്തി. പാർട്ടി നിയമസഭാ കക്ഷി യോഗത്തിന് ശേഷം ജെഡിഎസ് എംഎല്‍എയും മുൻ മന്ത്രിയുമായ ജി ടി ദേവഗൗഡയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി തങ്ങൾ കുമാരസ്വാമിയെ ചുമതലപ്പെടുത്തിയതായും ദേവഗൗഡ അറിയിച്ചു. ഇന്നലെയാണ് കർണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ അധികാരമേറ്റത്. നാലാം തവണയാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. തിങ്കളാഴ്ച യെദ്യൂരപ്പ സർക്കാർ നിയമസഭയില്‍ വിശ്വാസ വോട്ട് തേടും.