ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ചൈന കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ ഇന്ത്യ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്. ഇന്ത്യയുടെയും ചൈനയുടെയും സൈനിക മേധാവികൾ തമ്മിൽ ജൂൺ ആറിന് കൂടിക്കാഴ്ച നടത്തുമെന്നും ഇന്ത്യ തങ്ങളുടെ നിലപാടിൽ നിന്ന് പിന്മാറില്ലെന്നും സിങ്ങ് കൂട്ടിചേർത്തു.
നിയന്ത്രണ രേഖയുടെ ഇന്ത്യൻ ഭാഗത്ത് കൂടുതൽ ചൈനീസ് സൈനികർ തമ്പടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയോട് ചേർന്നുള്ള നിരവധി പ്രദേശങ്ങളിൽ ഇന്ത്യൻ, ചൈനീസ് സൈനികർ കടുത്ത ഏറ്റുമുട്ടലിലാണ്. തർക്കം പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും സൈനിക, നയതന്ത്ര തലങ്ങളിൽ ചർച്ച നടത്തുന്നുണ്ട്.
ഗാംവാൻ താഴ്‌വരയിലെ ഡാർബുക്-ഷായോക്ക്-ദൗലത് ബേഗ് ഓൾഡ് റോഡിനെ ബന്ധിപ്പിക്കുന്ന റോഡ് നിർമിക്കുന്നതിനൊപ്പം പാംഗോംഗ് ത്സോ പ്രദേശത്ത് ഇന്ത്യ മറ്റൊരു റോഡ് സ്ഥാപിക്കുന്നതിനെതിരെയുള്ള ചൈനയുടെ കടുത്ത എതിർപ്പാണ് ഏറ്റുമുട്ടലിന് കാരണമായത്.