ബെംഗളൂരു: ദവാനഗിരി ജില്ലയില്‍ ആറ് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. സ്വകാര്യ ലാബിലെ തെറ്റായ പരിശോധന മൂലം കുഞ്ഞിന്‍റെ അമ്മക്ക് കൊവിഡ്-19 ആണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നുവെന്ന് ഭര്‍ത്താവ് പരാതിപ്പെട്ടു. അമ്മയുടെ കൊവിഡ് റിപ്പോര്‍ട്ട് പോസിറ്റീവായിരുന്നതിനാല്‍ പ്രസവശേഷം കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. കുഞ്ഞിന്‍റെ അമ്മ ഹോട്ട് സ്പോട്ട് മേഖലയില്‍ നിന്ന് അല്ലാത്തതിനാലും മറ്റ് സമ്പര്‍ക്കങ്ങള്‍ ഇല്ലാതിരുന്നതിനാലും യുവതിയെ വീണ്ടും കൊവിഡ് പരിശോധനക്ക് വിധേയയാക്കി. ഈ റിപ്പോര്‍ട്ടില്‍ ഫലം നെഗറ്റീവായിരുന്നു.
ഐസിയുവില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് മരിച്ചത്. കുഞ്ഞിന്റെ കുടലിലുണ്ടായ അണുബാധയെ തുടര്‍ന്ന് ശ്വാസതടസം നേരിടുകയായിരുന്നുവെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. അമ്മയുടെ കൊവിഡ് ഫലം പോസ്റ്റീവാണെന്ന ആദ്യത്തെ തെറ്റായ റിപ്പോര്‍ട്ട് മൂലം ജനിച്ച ശേഷം കുഞ്ഞിനെ കാണാന്‍ അമ്മക്ക് സാധിച്ചിരുന്നില്ലെന്നും കുട്ടിയുടെ അച്ഛന്‍ പരാതിപ്പെട്ടു. നടപടികള്‍ പൂര്‍ത്തിയാക്കിയ കുഞ്ഞിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.