ചണ്ഡീഗഢ്: ഹരിയാനയില്‍ കോളജിന് മുന്നില്‍ വിദ്യാര്‍ഥിനിയെ വെടിവെച്ചു കൊന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. 10 അംഗ സംഘമാണ് കേസന്വേഷിക്കുക. ഫരീദാബാദിലെ ബല്ലാബര്‍ഗില്‍ പരീക്ഷയ്‌ക്കായി കോളജിലെത്തിയ ഇരുപത്തൊന്നുകാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. കേസില്‍ ഗുരുഗ്രാം സ്വദേശിയായ തൗസീഫ്, രേഹന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയെന്ന് ഫരീദാബാദ് പൊലീസ് കമ്മീഷണര്‍ ഒപി സിങ് അറിയിച്ചു.
സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജി പറഞ്ഞു. ഇരയുടെ കുടുംബത്തിന് മതിയായ സംരക്ഷണം നല്‍കുമെന്നും മന്ത്രി ഇടിവി ഭാരതിനോട് പറഞ്ഞു. അതേസമയം യുവതിയുടെ മരണത്തില്‍ കുടുംബാഗങ്ങള്‍ പ്രതിഷേധം തുടരുകയാണ്. കൊലയാളിയെ തൂക്കിക്കൊല്ലണമെന്നും കേസ് അതിവേഗ കോടതിക്ക് കൈമാറി നീതി ലഭ്യമാക്കണമെന്നും കുടുംബാഗങ്ങള്‍ ആവശ്യപ്പെട്ടു. മാസങ്ങള്‍ക്ക് മുന്‍പ് പ്രതി ഉപദ്രവിക്കാനും പീഡിപ്പിക്കാനും ശ്രമിക്കുന്നുവെന്ന പരാതി യുവതിയുടെ കുടുംബം നല്‍കിയിരുന്നു. എന്നാല്‍ പരാതി ഒത്തുതീര്‍പ്പാക്കിയിരുന്നു. പൊലീസ് നടപടിയെടുത്തില്ലെന്നും മകള്‍ മരിക്കുന്നതു വരെ പൊലീസ് കാത്തിരിക്കുകയായിരുന്നുവെന്നും കുടുംബാഗങ്ങള്‍ ആരോപിച്ചു.
കോളജിന് മുന്നില്‍ വാഹനത്തിലെത്തിയ പ്രതി യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ യുവതി തടുക്കാന്‍ ശ്രമിച്ചതോടെ പ്രതികളിലൊരാള്‍ വെടിവെക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സൗഹൃദം നിരസിച്ചതാണ് കൃത്യത്തിന് പിന്നിലെന്ന് കരുതുന്നു. സംഭവത്തിന്‍റെ സിസിടിവി ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.