ബെംഗളൂരു: മാധ്യമപ്രവർത്തകയും ആക്‌ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ ഒരാൾ കൂടി അറസ്റ്റില്‍. കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമാണ് ജാർഖണ്ഡിലെ ധൻബാദില്‍വച്ച് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കൊലക്കേസിലെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന മുരളി എന്നറിയപ്പെടുന്ന റുഷികേശ് ദിയോദികറാണ്(44) പിടിയിലായത്.
സംശയങ്ങളെത്തുടർന്നാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത് എന്നും പ്രതിയെ വെള്ളിയാഴ്‌ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും ഡിസിപി എം.എൻ അനുചേത് പറഞ്ഞു. 2017 സെപ്‌റ്റംബർ അഞ്ചിന് രാജരാജേശ്വരി നഗറിലെ വസതിക്ക് മുന്നിലാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്.
കേസ് അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 16 പേരെ അറസ്റ്റ് ചെയ്യുകയും 18 പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു. 18-ാം പ്രതിയായ മുരളിയെ അറസ്റ്റ് ചെയ്‌തതോടെ ഇനി ഒരു പ്രതികൂടിയാണ് പിടിയിലാകാനുള്ളത്. 17-ാം പ്രതി ദാദാ എന്നറിയപ്പെടുന്ന വികാസ് പാട്ടീല്‍ ഒളിവിലാണ്.
അഞ്ച് വർഷത്തെ കൂടിയാലോചനകൾക്ക് ശേഷമാണാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് എന്ന് അന്വേഷണസംഘം കുറ്റപത്രത്തില്‍ വ്യക്‌തമാക്കിയിരുന്നു. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളില്‍ നടന്ന തിരിമറികളെക്കുറിച്ച് വെളിപ്പെടുത്താനിരിക്കെയാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് യു.എസ് ഹാക്കറായ സയ്‌ദ് ഷുജ വെളിപ്പെടുത്തിയിരുന്നു.