അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെയും ഭാര്യയുടെയും വരവ് ആഘോഷമാക്കുകയാണ് ഗുജറാത്ത് സര്‍ക്കാരും കേന്ദ്രവും. 24ന് നടക്കുന്ന റോഡ് ഷോയുടെ ഭാഗമായി ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ നിന്നുള്ള പരമ്പരാഗത നൃത്തങ്ങള്‍ അവതരിപ്പിക്കും. ഇന്ത്യയുടെ പരമ്പരാഗത നൃത്ത ചുവടുകള്‍ക്കൊപ്പം ഇത്തവണ ട്രംപിനെ വരവേല്‍ക്കാന്‍ ആഫ്രിക്കന്‍ വംശജരുടെ ദമാല്‍ നൃത്ത ചുവടുകളുമുണ്ടാകും. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ആഫ്രിക്കയില്‍ നിന്നും ഗുജറാത്തിലേക്ക് കുടിയേറിയ സിദ്ധി വിഭാഗമാണ് തങ്ങളുടെ പരമ്പരാഗത നൃത്തം ട്രംപ് ദമ്പതികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുക. രതന്‍പൂര്‍ ഗ്രാമത്തിലെ സിദ്ധി വിഭാഗത്തില്‍ പെട്ട യുവാക്കളായ കലാകാരന്മാരാണ് നൃത്തം അവതരിപ്പിക്കുന്നത്. ട്രംപിന്‍റെ സന്ദര്‍ശന വേളയില്‍ നൃത്തം അവതരിപ്പിക്കാന്‍ സര്‍ക്കാരാണ് ഇവരെ ക്ഷണിച്ചത്. 28 സംസ്ഥാനങ്ങളിലെയും പ്രതിനിധികളെ തങ്ങളുടെ പരമ്പരാഗത നൃത്തം അവതരിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. 22 കിലോമീറ്റര്‍ നീളമാണ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്നുള്ള റോഡ് ഷോ നടക്കുന്നത്.
ഈ സമയത്ത് പാതയോരങ്ങളിലാകും നൃത്തം അരങ്ങേറുക. ഏറെ തലമുറകള്‍ക്ക് മുന്‍പാണ് സിദ്ധിവിഭാഗം ആഫ്രിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയത്. തീ ഉപയോഗിച്ചും തേങ്ങ കൈകൊണ്ട് അടിച്ച് പൊട്ടിച്ചും മനുഷ്യന്‍ തന്‍റെ ശാരീരിക ശക്തി പ്രകടിപ്പിക്കുന്നതാണ് ആഫ്രിക്കന്‍ നൃത്തത്തിന്‍റെ ഇതിവൃത്തം. ബാരൂച്ച് ജില്ലയിലെ രതന്‍പൂരിലാണ് സിദ്ധി വിഭാഗം താമസിച്ചുവരുന്നത്. കറുത്ത വര്‍ഗ്ഗക്കാരായ ഇവര്‍ ആഫ്രിക്കന്‍ വംശജരാണെങ്കിലും ഇന്ത്യക്കാരായാണ് ജീവിക്കുന്നത്. തങ്ങളുടെ ഗ്രാമങ്ങളില്‍ നൃത്തത്തിന്‍റെ പരിശീലനം നടന്നുവരികയാണെന്ന് കലാകാന്മാര്‍ അറിയിച്ചിട്ടുണ്ട്.