ബെംഗളൂരു: കർണാടകയെ രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ എന്ന് പറഞ്ഞ ആരോഗ്യമന്ത്രി ബി.ശ്രീരാമുലുവിനെതിരെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ദൈവത്തിന് മാത്രമേ സാധിക്കൂവെങ്കില്‍ പിന്നെ ആരോഗ്യ മന്ത്രി രാജി വെച്ച് പുറത്തുപോകട്ടെ എന്ന് സിദ്ധരാമയ്യ പറഞ്ഞു. തങ്ങൾ നിസഹായരാണെന്ന് പറഞ്ഞ് ഒഴിയാൻ സർക്കാരിന് ഒരിക്കലും കഴിയില്ല. എന്തിനാണ് സർക്കാർ അധികാരത്തിലിരിക്കുന്നത്? അവര്‍ക്ക് അധികാരമുണ്ട്, പണമുണ്ട്. സംസ്ഥാനത്തെ പൗരന്മാരെ സേവിക്കുകയെന്നത് സര്‍ക്കാരിന്‍റെ പ്രാഥമിക കടമയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.
കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ യെദിയൂരപ്പ സർക്കാരിന്‍റെ വീഴ്ചയാണ് ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയിൽ തെളിയുന്നതെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ കുറ്റപ്പെടുത്തി. പകർച്ച വ്യാധി പോലും തടയാൻ കഴിയാത്ത സർക്കാര്‍ പിന്നെന്തിനാണ് അധികാരത്തിലെന്നും ശിവകുമാർ പ്രതികരിച്ചു.
കൊറോണ വൈറസിനെ നിയന്ത്രിക്കാൻ ആർക്കാണ് കഴിയുക? നിലവിലെ സാഹചര്യത്തിൽ, ദൈവം മാത്രമേ നമ്മെ രക്ഷിക്കൂ. അല്ലാത്തപക്ഷം കൊവിഡിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകണമെന്നാണ് ആരോഗ്യമന്ത്രി ശ്രീരാമുലു പറഞ്ഞത്. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നിയമസഭാ സാമാജികരുടെയും അശ്രദ്ധ മൂലമാണ് സംസ്ഥാനത്ത് കേസുകൾ വർദ്ധിക്കുന്നതെന്ന പ്രതിപക്ഷ ആരോപണത്തെയും മന്ത്രി തള്ളിക്കളഞ്ഞു. പൊതുജനങ്ങളില്‍ പരിഭ്രാന്തി സൃഷ്‌ടിക്കരുതെന്നും കോൺഗ്രസിനോട് അദ്ദേഹം അഭ്യര്‍ഥിച്ചു. മന്ത്രിയുടെ പ്രസ്താവന രൂക്ഷ പ്രതികരണങ്ങളാണ് ക്ഷണിച്ചുവരുത്തിയത്.