ഗുവാഹത്തി: ഗുവാഹത്തിയിലെ ബെല്‍ട്ടോള പ്രദേശത്ത് വീടിന് തീപിടിച്ച് സഹോദരങ്ങൾ കൊല്ലപ്പെട്ടു. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. സഹോദരങ്ങളായ എട്ടും അഞ്ചും വയസുള്ള ആൺകുട്ടികളാണ് മരിച്ചത്.
തീപിടിത്തത്തില്‍ എല്‍പിജി സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ വീടിന്‍റെ ഒന്നാം നിലയിലേക്ക് തീ ആളിപടർന്നു. ഇതോടെ രക്ഷാപ്രവർത്തനത്തിനെത്തിയവർക്കും വീടിനകത്തേക്ക് കയറാൻ സാധിക്കാത്തതാണ് കുട്ടികളെ രക്ഷിക്കാൻ കഴിയാത്തതെന്ന് അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ പൂനം പെഗു പറഞ്ഞു. രണ്ട് നില ഉള്ള വീടിന്‍റെ ഒന്നാം നിലയിലെ ഗൃഹോപകരണങ്ങളും വാതിലുകളും പൂർണമായും കത്തി നശിച്ചു.
വീട്ടില്‍ അറ്റകുറ്റപണിക്ക് വന്ന തൊഴിലാളികൾക്കും തീ ആളികത്തിയതോടെ അകത്തേക്ക് പ്രവേശിക്കാൻ സാധിച്ചില്ല. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. ഒന്നാം നിലയില്‍ കണ്ടെത്തിയ കുട്ടികളുടെ മൃതദേഹങ്ങൾ പരസ്പരം കെട്ടിപിടിച്ച നിലയിലായിരുന്നുവെന്നും അത് വേദനാജനകമായ കാഴ്ചയായിരുന്നുവെന്നും പെഗു കൂട്ടിച്ചേർത്തു. ഇളയ കുട്ടിയുടെ പിറന്നാൾ ദിവസമാണ് ദാരുണന്ത്യം നടന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നുമാണ് പ്രാഥമിക നിഗമനമെന്നും പെഗു പറഞ്ഞു. സംഭവത്തില്‍ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ അനുശോചിച്ചു. സംഭവം അന്വേഷിക്കാൻ മെട്രോപൊളിറ്റൻ ഡെപ്യൂട്ടി കമ്മിഷണർ കംറൂപിന് അദ്ദേഹം നിർദേശം നല്‍കി.