ന്യൂഡൽഹി: ലോക്ക് ഡൗണിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനായി സർവീസ് നടത്തുന്ന ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുമുമ്പ് നഷ്ടപ്പെടുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ്. ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് വഴി തെറ്റുന്നുവെന്ന് വാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് ട്രെയിനുകൾ വൈകുന്നതിന് കാരണം റൂട്ടുകളിലെ തിരക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മെയ് ഒന്നിന് ശേഷം സർവീസ് നടത്തിയ 3,840 ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകളിൽ നാല് എണ്ണം മാത്രമാണ് 72 മണിക്കൂറിൽ കൂടുതൽ സമയമെടുത്തത്. മൊത്തം ട്രെയിനുകളിൽ 1.85 ശതമാനം ട്രെയിനുകൾ മെയ് 20 മുതൽ 24 വരെയുള്ള കാലയളവിൽ ഈ റൂട്ടുകളിലെ തിരക്ക് കാരണം വഴിതിരിച്ചുവിടേണ്ടതായി വന്നു. പ്രത്യേകമായി റെയിൽവേ നടത്തിയ സർവീസുകളിൽ ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കുമാണ് ഏറ്റവും കൂടുതൽ സർവീസുകളുടെ ആവശ്യമുയർന്നത്. അതിനാൽ തന്നെ, 90 ശതമാനം ട്രെയിനുകളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുപി-ബിഹാറിലേക്കാണ് പുറപ്പെട്ടത്. ഇത് ഈ റൂട്ടുകളിൽ തിരക്ക് ഉണ്ടാകുന്നതിനും 71 ട്രെയിനുകൾ വഴിതിരിച്ചുവിടുന്നതിനും കാരണമായെന്നും വി.കെ.യാദവ് പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
വഴിതിരിച്ചുവിട്ട 71 ട്രെയിനുകളിൽ 51 ട്രെയിനുകൾ ബിഹാറിലേക്കും 16 എണ്ണം ഉത്തർപ്രദേശിലേക്കും രണ്ട് ട്രെയിനുകൾ ജാർഖണ്ഡിലേക്കും സർവീസ് നടത്തി. അസമിനും മണിപ്പൂരിനും വേണ്ടി ഒരു ട്രെയിൻ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. സാധാരണ മെയിൽ/ എക്‌സ്പ്രസ് ട്രെയിനുകളേക്കാൾ വേഗതയിലാണ് 90 ശതമാനം ട്രെയിനുകളും ഓടിയത്. 36.5 ശതമാനം ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ ബിഹാറിലേക്ക് പുറപ്പെട്ടു. 42.2 ശതമാനം ട്രെയിനുകളുടെ ലക്ഷ്യസ്ഥാനം ഉത്തർപ്രദേശ് ആയിരുന്നു. ഇത് ട്രെയിനുകൾ ഓടുന്ന റൂട്ടുകളിൽ തിരക്ക് വർധിക്കാൻ കാരണമായി. കൂടാതെ, കൊവിഡിനെതിരെയുള്ള മുൻകരുതലുകളുടെ ഭാഗമായി ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിച്ച് പുറപ്പെടുന്നതിനാൽ മിക്കവയും വൈകിയാണ് യാത്ര തിരിച്ചത്.
ഈ മാസം 28 വരെ 52 ലക്ഷത്തോളം യാത്രക്കാരുമായി ആകെ 3,840 ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്‌ചയിൽ 1,524 ട്രെയിനുകൾ സർവീസ് നടത്തിയതിൽ 20 ലക്ഷത്തിലധികം യാത്രക്കാരെയാണ് നാട്ടിലെത്തിച്ചത്. ഇപ്പോൾ ശ്രമിക് ട്രെയിനുകൾക്കായുള്ള ആവശ്യം കുറഞ്ഞ് വരികയാണ്. 449 ട്രെയിനുകളുടെ ആവശ്യമാണ് നിലവിൽ ഉള്ളത്. ഇവ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന എല്ലാ അതിഥി തൊഴിലാളികളും നാട്ടിലെത്തുന്നത് വരെ സർവീസ് തുടരമെന്നും റെയിൽവേ ബോർഡ് ചെയർമാൻ അറിയിച്ചു.