മേഘാലയ: തിങ്കളാഴ്ച മുതല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താനൊരുങ്ങി മേഘാലയ സര്‍ക്കാര്‍. സംസ്ഥാനത്ത് നിലവില്‍ രണ്ട് കൊവിഡ് കേസുകള്‍ മാത്രമാണുള്ളത്. ഇതോടെയാണ് 50 ശതമാനം കടകള്‍ തുറക്കാനും വാഹനങ്ങൾ പുറത്തിറങ്ങാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. മുഖ്യമന്ത്രി കൊണ്‍റാഡ് കെ സാങ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കടുത്ത നിയന്ത്രണങ്ങളോടെയാകും വാഹന ഗതാഗതം അനുവദിക്കുക. മാത്രമല്ല ഒറ്റ- ഇരട്ട നമ്പരുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വാഹന ഗതാഗത വകുപ്പിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
സ്വകാര്യ പൊതുമേഖല വാഹനങ്ങള്‍ക്കും നിയമം ബാധകമാണ്. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ഓട്ടോ മൊബൈല്‍, പലചരക്ക് സ്ഥാപനങ്ങള്‍, മറ്റ് അവശ്യ സര്‍വ്വീസുകള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ ആരോഗ്യ വകുപ്പ് ഹോം ക്വാറന്‍റൈന്‍ നിര്‍ദ്ദേശിച്ചവര്‍ അത് കൃത്യമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിക്ക് മെയ് ഏഴിന് കൊവിഡ് ബാധിച്ചിരുന്നു. അതേ ദിവസം തന്നെ ഗുവാഹത്തിയിലെ ഡോ. ബി ബറൂവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടില്‍ ഒരു കോവിഡ് -19 രോഗി മരിച്ചു. ഏപ്രിൽ 23 മുതല്‍ ഈ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി അറിയിച്ചു.