ന്യൂഡൽഹി: ഏകദേശം രണ്ട് മാസത്തെ ഇടവേളക്ക് ശേഷം പുനനാരംഭിക്കുന്ന ട്രെയിൻ സർവീസ് സമയക്രമം പുറത്തുവിട്ട് റെയിൽവെ മന്ത്രാലയം. രോഗലക്ഷണങ്ങളില്ലാത്ത യാത്രക്കാരെ മാത്രമെ ട്രെയിനുകളിൽ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. സർവീസ് ആരംഭിക്കുന്നതിന് 90 മിനിട്ട് മുമ്പ് യാത്രക്കാർ റെയിൽവെ സ്റ്റേഷനിൽ എത്തണം. എല്ലാ റെയിൽവെ സ്റ്റേഷനുകളിലും പ്രത്യേക പ്രവേശന, എക്‌സിറ്റ് ഗേറ്റുകൾ ഉണ്ടാകും.
മെയ് 12 മുതൽ 20 വരെയുള്ള ട്രെയിൻ സർവീസുകളുടെ പട്ടികയാണ് പുറത്തുവിട്ടത്. മെയ് 16,19 തീയതികളിൽ സർവീസ് ഉണ്ടാവില്ല. എല്ലാ ട്രെയിനുകളും ന്യൂഡൽഹിയിൽ നിന്നും രാജ്യത്തുടനീളമുള്ള പ്രധാന നഗരങ്ങളായ ദിബ്രുഗഡ്, അഗർത്തല, ഹൗറ, പട്‌ന, ബിലാസ്‌പൂർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്ദരാബാദ്, ബെംഗളൂരു, ചെന്നൈ, തിരുവനന്തപുരം, മഡ്‌ഗാവ്, മുംബൈ സെൻട്രൽ, അഹമ്മദാബാദ്, ജമ്മു തവി എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക.
മെയ് 13, ബുധനാഴ്‌ച രാവിലെ 11.25ന് ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ പുറപ്പെടും. വെള്ളിയാഴ്‌ച പുലർച്ചെ 5.25ന് ട്രെയിൻ തിരുവന്തപുരത്ത് എത്തിച്ചേരും. മെയ് 15 നാണ് തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് ട്രെയിൻ തിരിച്ച് പുറപ്പെടുന്നത്. 17ന് ട്രെയിൻ ഡൽഹിയിലെത്തും. ഓൺലൈൻ വഴിയുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ട്രെയിന് കേരളത്തിൽ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ മൂന്ന് സ്റ്റോപ്പുകൾ മാത്രമാണുള്ളത്.
ട്രെയിനുകളിൽ എസി ക്ലാസുകൾ മാത്രമാണ് ഉണ്ടാവുക. ട്രെയിൻ നിരക്കുകൾ രാജധാനി ട്രെയിൻ നിരക്കിന് തുല്യമായിരിക്കും. യാത്രക്കാർക്ക് ഏഴ് ദിവസം വരെ ട്രെയിനുകൾ ബുക്ക് ചെയ്യാൻ സാധിക്കും. കാറ്ററിങ് ജീവനക്കാരിൽ നിന്നും ഭക്ഷണ സാധനങ്ങൾ ലഭ്യമാകും. ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് വരെ ഓൺലൈനായി ടിക്കറ്റ് റദ്ദാക്കാം. 50 ശതമാനമാണ് റദ്ദാക്കൽ നിരക്ക്.