ശ്രീനഗർ: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ശ്രീനഗറിലും കശ്‌മീരിലെ മറ്റ് ഭാഗങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തി. ജനുവരി 26ന് താഴ്വരയിലുടനീളമുള്ള ചടങ്ങുകൾക്ക് സൈനികരെ വൻതോതിൽ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി പിൻവലിക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്‌ത ശേഷം താഴ്വരയിലെ ആദ്യത്തെ റിപ്പബ്ലിക് ദിനാഘോഷമാണിത്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി നഗരത്തിലെ വിവിധ സ്ഥലങ്ങളിലും താഴ്‌വരയിലെ മറ്റ് ജില്ലകളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. റിപ്പബ്ലിക് ദിന ചടങ്ങുകൾക്കായി ഷെർ-ഇ-കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ള വേദികളിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി റേഡിയോ കശ്മീർ ക്രോസിംഗ് മുതൽ സോൺവാർ ക്രോസിംഗ് വരെയുള്ള റോഡ് അധികൃതർ അടച്ചിട്ടു. ജനുവരി 26ന് നടക്കുന്ന ചടങ്ങുകൾക്കായി എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് ദിൽബാഗ് സിംഗ് പറഞ്ഞു.