ന്യൂഡല്‍ഹി: രാജ്യത്ത് ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സീലാംപൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് നിരോധനാജ്ഞ. പൊലീസ് സ്ഥലത്ത് കര്‍ശനമായ സുരക്ഷയും പട്രോളിങും ശക്തമാക്കുകയും ചെയ്തു.
അതേസമയം സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിന് ജാമിയ മിലിയ ക്യാമ്പസിനുള്ളില്‍ പൊലീസ് പ്രവേശിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സംഘര്‍ഷത്തില്‍ പങ്കുള്ളവരെ കണ്ടെത്തുന്നതിനുമാണ് പുതിയ നീക്കമെന്നാണ് പൊലീസ് വിശദീകരണം.
അതിനിടെ, ഡല്‍ഹി ജുമാ മസ്ജിദ് ഇമാം സയ്യിദ് അഹമ്മദ് ബുഖാരി, പ്രതിഷേധം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. പ്രതിഷേധം ഇന്ത്യന്‍ പൗരന്‍റെ അവകാശമാണ്. അതില്‍ നിന്ന് നിങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല. എങ്കിലും പ്രതിഷേധങ്ങള്‍ നിയന്ത്രണ വിധേയമാകണം. വൈകാരികത ആളിക്കത്താതെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ കാരണങ്ങളാല്‍ ഡല്‍ഹി , ജെഫ്രാബാദ്, മാജ്‌പൂർ എന്നിവിടങ്ങളില്‍ മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.