ഹൈദരാബാദ്: മെയ് ഒന്നിന് ശേഷം 93 ശ്രമിക് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തിയതായി റെയിൽവേ. കുടുങ്ങി കിടന്ന ഒരു ലക്ഷത്തിലധികം യാത്രക്കാരെയാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചതെന്നും റെയിൽവേ അറിയിച്ചു. 'ഇരു സംസ്ഥാനങ്ങളുടേയും സമ്മതത്തോടെ 1,18,229 പേരെ ശ്രമിക് ട്രെയിനുകൾ വഴി നാട്ടിലേക്ക് എത്തിക്കാൻ സാധിച്ചു', സൗത്ത് സെൻട്രൽ റെയിൽവേ (എസ്‌സിആർ) അധികൃതർ അറിയിച്ചു.
അതിഥി തൊഴിലാളികൾ, വിദ്യാർഥികൾ, തീർഥാടകർ, വിനോദസഞ്ചാരികൾ എന്നിവർക്ക് വേണ്ടിയാണ് മെയ് ഒന്ന് മുതൽ ശ്രമിക് ട്രെയിനുകൾ സർവീസ് ആരംഭിച്ചത്. മെയ് ഒന്ന് മുതൽ മെയ് 17 വരെ തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 93 ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തി. ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര.
എല്ലാ മുൻ കരുതൽ നടപടികളോടും കൂടിയാണ് ട്രെയിനുകൾ സർവീസുകൾ നടത്തിയത്. എല്ലാ യാത്രക്കാരുടെയും താപനില പരിശോധിച്ചിരുന്നു. ട്രെയിൻ കോച്ചുകളിലെ ശുചിത്വത്തിനും പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. യാത്രക്കാർക്ക് സൗജന്യ ഭക്ഷണവും വെള്ളവും നൽകി. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെ ട്രെയിനുകളിൽ നിയമിച്ചു.
ഈ നേട്ടം കൈവരിച്ച എല്ലാ ഉദ്യോഗസ്ഥരേയും എസ്‌സിആർ ജനറൽ മാനേജർ ഗജനൻ മല്യ അഭിനന്ദിച്ചു. ഇനിയും ശ്രമിക് ട്രെയിനുകളുടെ സർവീസ് തുടരാനാണ് റെയിൽവേയുടെ തീരുമാനം. എല്ലാ യാത്രക്കാരും അതത് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്നും എസ്‌സിആർ ജനറൽ മാനേജർ അഭ്യർഥിച്ചു.