ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും. ശബരിമലയിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്ന യുവതികൾക്ക് സംരക്ഷണം നൽകണം, യുവതീപ്രവേശനം തടയുന്നവർക്കെതിരെ നടപടി സ്വീകരിക്കണം, ശബരിമലയിൽ സ്ത്രീകൾക്കുള്ള പ്രായപരിധി നീക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ദര്‍ശനത്തിന് അനുമതി തേടി രഹ്നാ ഫാത്തിമയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
തൃപ്‌തി ദേശായിക്കും സംഘത്തിനുമൊപ്പം ശബരിമലക്ക് പോകാനായി കഴിഞ്ഞ ചൊവ്വാഴ്‍ച കൊച്ചിയിലെത്തിയ ബിന്ദു അമ്മിണി പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ച് പോകുകയായിരുന്നു. ശബരിമല ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്ന് ബിന്ദു അമ്മിണി പറഞ്ഞെങ്കിലും പൊലീസ് സുരക്ഷ നല്‍കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.