ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ഇന്‍റര്‍നെറ്റ്, ലാൻഡ്‌ലൈൻ, മറ്റ് ആശയവിനിമയ മാർഗങ്ങൾ എന്നിവയിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് നല്‍കി. കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിൻ സമർപ്പിച്ച ഹർജിയിലാണ് തീരുമാനം. ഏഴ് ദിവസത്തിനുള്ളിൽ വിശദമായ മറുപടി നല്‍കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ജമ്മു കശ്മീർ സന്ദർശിക്കാനും പാർട്ടി നേതാവും മുൻ എം.എൽ.എയുമായ യൂസഫ് തരിഗാമിയെ കാണാനും സുപ്രീം കോടതി അനുമതി നൽകി. "ഞങ്ങൾ നിങ്ങളെ പോകാൻ അനുവദിക്കും, നിങ്ങൾ ഒരു പാർട്ടിയുടെ ജനറൽ സെക്രട്ടറിയാണ്. മറ്റൊന്നിനും മുതിരരുത്" ചീഫ് ജസ്റ്റിസ് (സിജെഐ) രഞ്ജൻ ഗോഗോയ് പറഞ്ഞു. തടങ്കലിൽ കഴിയുന്ന പാർട്ടി നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇടതു നേതാവ് സീതാറാം യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കേസിലെ അപേക്ഷകരിലൊരാളായ മുഹമ്മദ് അലീം സയിദിനെ മാതാപിതാക്കളെ കാണാനായി അനന്ത്നാഗിലേക്ക് പോകാൻ കോടതി അനുമതി നല്‍കി. ഇയാൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് കോടതി ജമ്മു കശ്മീർ സർക്കാരിനോട് നിർദ്ദേശിച്ചു.
ജമ്മു കശ്മീരിലെ പ്രത്യേക പദവി ഇല്ലാതാക്കിയ കേന്ദ്ര സർക്കാര്‍ നീക്കത്തെ ചോദ്യം ചെയ്യുന്ന പത്ത് ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതിയിലെത്തിയത്. കശ്മീരിലെ നിയന്ത്രണങ്ങളും വീട്ടുതടങ്കലും ചോദ്യം ചെയ്താണ് ഹര്‍ജികളേറെയും ഫയല്‍ ചെയ്തിരിക്കുന്നത്.
ജമ്മു കശ്മീർ വിഭജനം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ് സർക്കാർ നടപടിയെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ കോണ്‍ഫറന്‍സും വിവിധ സംഘടനകളും സുപ്രീംകോടതില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ഭൂരിഭാഗം ഹര്‍ജികളും പറയുന്നത്. കേന്ദ്രസർക്കാരിന്‍റെ തീരുമാനം ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഒറ്റരാത്രികൊണ്ട് റദ്ദാക്കുന്നതിന് തുല്യമാണെന്നും പറയുന്നു.
എന്നാല്‍ സംസ്ഥാനം രാഷ്ട്രപതിയുടെ ഭരണത്തിൻ കീഴിലാണെന്നും നിയമസഭയുടെ അധികാരങ്ങൾ സ്വപ്രേരിതമായി പാർലമെന്‍റിലേക്ക് മാറ്റിയെന്നും ഈ കേസിൽ പ്രസിഡന്‍റ് രാം നാഥ് കോവിന്ദിന്‍റെ ഉത്തരവുകൾ നിലനില്‍ക്കുമെന്നുമാണ് സര്‍ക്കാരിന്‍റെ വാദം.
ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്ന് ജഡ്ജിമാരുടെ ബെഞ്ചുകളാണ് അപേക്ഷകൾ പരിഗണിച്ചത്. ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, എസ് അബ്ദുല്‍ നസീർ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാർ. ആർട്ടിക്കിൾ 370 സംബന്ധിച്ച് ഓഗസ്റ്റ് അഞ്ചിന് സർക്കാർ തീരുമാനം പ്രഖ്യാപിച്ചതു മുതൽ ജമ്മു കശ്മീരിൽ ഫോൺ, ഇൻറർനെറ്റ് കണക്റ്റിവിറ്റയിലും നിയന്ത്രണങ്ങളുണ്ട്.