ന്യൂഡൽഹി: കൊവിഡിനെ സർക്കാർ മോശമായി കൈകാര്യം ചെയ്തുവെന്ന് ആരോപിച്ച് വിരമിച്ച ഉദ്യോഗസ്ഥർ സമർപ്പിച്ച പൊതുതാൽപര്യ ഹർജി (പിഎൽ) തള്ളി സുപ്രീം കോടതി. ഫെബ്രുവരി നാലിന് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ആരോഗ്യ ഉപദേശം നൽകിയിട്ടുണ്ടെന്നും എന്നാൽ അന്താരാഷ്ട്ര യാത്രക്കാരെ മാർച്ച് നാല് വരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും ജസ്റ്റിസ് എൽഎൻ റാവു അധ്യക്ഷനായ ബെഞ്ചിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ഫെബ്രുവരി 24 ന് നടന്ന് നമസ്തേ ട്രംപ് പരിപാടിയിൽ പൊതുസ്ഥലങ്ങളിൽ ആളുകൾ തടിച്ച് കൂടരുതെന്ന എംഎച്ച്‌എയുടെ ഉപദേശങ്ങളെ പിൻതള്ളി ഒരു ലക്ഷം ആളുകൾ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയതായും ഭൂഷൺ പറഞ്ഞു. സമ്പൂർണ്ണ ലോക്ക് ഡൗണിലൂടെ ജിഡിപി 23 ശതമാനം കുറയുകയും കോടിക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തതായും ഭൂഷൺ കോടിതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ ഹർജിയിലെ വിഷയം പൊതുചർച്ചയ്ക്കുള്ളതാണെന്ന് പറഞ്ഞ ബെഞ്ച്, തങ്ങൾ വിഷയത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും അപേക്ഷയുടെ ഉള്ളടക്കം സർക്കാർ പരിശോധിക്കേണ്ട കാര്യങ്ങളാണെന്നും പറഞ്ഞു. വൈറസ് പകരാതിരിക്കാനുള്ള സമയബന്ധിതവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്നും ഹർജിയിൽ ആരോപിക്കുന്നു.