ന്യൂഡൽഹി: ജമ്മു കശ്‌മീരിൽ 4ജി ഇന്‍റർനെറ്റ് പുനസ്ഥാപിക്കണമെന്ന വിഷയത്തിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയക്കാൻ വിസമ്മതിച്ചു. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം പ്രത്യേക കമ്മിറ്റിയെ രൂപികരിക്കാത്ത നടപടിയിൽ നോട്ടീസ് അയക്കണമെന്നായിരുന്നു ഫൗണ്ടേഷൻ ഓഫ് മീഡിയ പീപ്പിൾ സമർപ്പിച്ച ഹർജി.ജസ്റ്റിസുമാരായ എൻ വി രമണ, ആർ സുഭാഷ് റെഡ്ഡി, ബി ആർ ഗവായി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് വാദം കേട്ടത്.
കേന്ദ്ര സർക്കാരിനു വേണ്ടി അറ്റോർണി ജനറൽ കെ കെ വേണുഗോപാലും എഫ്എംപിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹുഫെസ അഹ്മദിയുമാണ് കോടതിയിൽ ഹാജരായത്. 4ജി ഇന്‍റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇടക്കാല നിവേദനം നിലവിലുള്ളതിനാൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹാജരായിരുന്നു. വിഷയത്തിൽ പ്രത്യേക കമ്മിറ്റിയെ രൂപീകരിക്കണമെന്ന മെയ് 11ലെ സുപ്രീം കോടതിയുടെ ഉത്തരവ് കേന്ദ്ര സർക്കാർ പാലിച്ചെന്ന് അഹ്മദി കോടതിയെ അറിയിച്ചു.
വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാട് സ്വീകരിച്ചില്ലെന്നും രണ്ട് തവണ വിഷയം സർക്കാരിന്‍റെ ശ്രദ്ധയിൽപെടുത്തിയിട്ടും പ്രതികരണം അറിയിക്കാൻ തയ്യാറായില്ലെന്നും അഹ്മദി വാദിച്ചു. എന്നാൽ വിഷയത്തിൽ പ്രത്യേക കമ്മിറ്റിയെ രൂപികരിച്ചെന്നും പല തീരുമാനങ്ങളും എടുത്തിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. എന്നാൽ എന്തുകൊണ്ട് പൊതുസമൂഹത്തിന് മുമ്പിൽ പറഞ്ഞില്ലെന്ന് ജസ്റ്റിസ് ബി.വി രമണ ആരാഞ്ഞു.
മുദ്രവെച്ച കവറിൽ തീരുമാനങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും കോടതിക്ക് വിഷയത്തിൽ തീരുമാനമെടുക്കാമെന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പറഞ്ഞു. രണ്ട് മാസത്തേക്ക് വിഷയം മാറ്റിവെയ്ക്കണമെന്നും എജി ബെഞ്ചിനോട് അഭ്യർഥിച്ചു.