ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ ഗാര്‍ഗി വനിതാ കോളജിലെ വാര്‍ഷികാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ കൂട്ട ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ നിരസിച്ച് സുപ്രീംകോടതി. അഭിഭാഷകന്‍ എം.എല്‍. ശര്‍മയാണ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി പറഞ്ഞത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ ബി ആർ ഗവായി, സൂര്യ കാന്ത് എന്നിവരാണ് മറ്റ് രണ്ടുപേര്‍.
അതേസമയം കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കുമോയെന്ന ആശങ്കയുണ്ടെന്ന് ശര്‍മ വാദിച്ചു. കഴിഞ്ഞ ഫെബ്രുവരി ആറിന് കോളജില്‍ നടന്ന വാര്‍ഷിക ആഘോഷങ്ങള്‍ക്കിടയിലാണ് സംഭവം. വൈകിട്ട് ക്യാമ്പസില്‍ മദ്യപിച്ചെത്തിയ ഒരു സംഘം ആളുകള്‍ കോളജിലെ ഗേറ്റിനടുത്തെത്തി വിദ്യാര്‍ഥിനികളോട് അസഭ്യം പറഞ്ഞു. തുടര്‍ന്ന് ക്യാമ്പസില്‍ കടന്ന് പെണ്‍കുട്ടികളെ ആക്രമിക്കുകയായിരുന്നു. സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുകാരും ഇടപ്പെട്ടില്ലെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞിരുന്നു.