ന്യൂഡല്‍ഹി: രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ ദേശീയ സുരക്ഷാ നിയമം നടപ്പാക്കുന്നതിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭങ്ങൾ നടക്കുന്ന വേളയിൽ എൻഎസ്എ നടപ്പാക്കാൻ അനുവദിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം. ചില സംസ്ഥാനങ്ങളും ന്യൂഡല്‍ഹി സര്‍ക്കാരുമാണ് ഇത്തരമൊരു വാദവുമായി രംഗത്ത് എത്തിയത്. എൻഎസ്‌എ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട യാതൊരു ഉത്തരവും പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ അരുൺ മിശ്ര, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഹർജി പിൻവലിക്കാനും അഭിഭാഷകൻ എംഎൽ ശർമയോട് കോടതി ആവശ്യപ്പെട്ടു. ശേഷം പുതിയ ഹര്‍ജി സമര്‍പ്പിക്കുന്നത് അടക്കമുള്ള വഴികള്‍ തേടാനും കോടതി നിര്‍ദേശം നല്‍കി. എന്‍എസ്എ നിയമം നടപ്പിലാക്കാന്‍ ജനുവരി 19മുതല്‍ മൂന്നുമാസത്തേക്ക് ദില്ലി പൊലീസിന് ലഫ്റ്റനന്‍റ് ഗര്‍ണര്‍ അനില്‍ ബാനര്‍ജി അധികാരം നല്‍കിയിരുന്നു. നിയമപ്രകാരം പൊലീസിന് ഒരാളെ 12വര്‍ഷം വരെ വിചാരണ കൂടാതെ തടവില്‍ വെക്കാന്‍ അധികാരമുണ്ട്. ജനങ്ങളുടെ മൗലിക അവകാശങ്ങള്‍ അടക്കം തടയാന്‍ പൊലീസിന് അധികാരം നല്‍കുന്നതാണ് നിയമം. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ എൻഎസ്‌എ നിയമ ലംഘനത്തിന്‍റെ വിവരങ്ങൾ അടങ്ങിയ പുതിയ ഹർജി നൽകാനും കോടതി ഉത്തരവിട്ടു. പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവക്കെതിരെ പ്രതിഷേധിക്കുന്ന ആളുകളെ തടയുന്നതിനും ജയിലിലടക്കുന്നതിനുമായാണ് ഈ നിയമം കൊണ്ടു വരുന്നതെന്നായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഡൽഹിയിൽ ഗവർണർ അനിൽ ബൈജാൽ ജനുവരി 19മുതൽ ദേശീയ സുരക്ഷാ നിയമം നടപ്പാക്കി ഉത്തരവിട്ടിരുന്നു.