ന്യൂഡൽഹി: ആന്ധ്രാ സർക്കാരിന് തിരിച്ചടിയായി സുപ്രീം കോടതി വിധി. സർക്കാർ സ്ഥാപനങ്ങളിൽ പാർട്ടിയെ സൂചിപ്പിക്കുന്ന നിറങ്ങൾ പെയിന്‍റടിക്കണമെന്ന ജഗൻ മോഹൻ സർക്കാരിന്‍റെ ആവശ്യം കോടതി നിഷേധിച്ചു. കൂടാതെ ഇതിനോടകം പല സർക്കാർ സ്ഥാപനങ്ങളിലും പെയിന്‍റടിച്ചത് നാല് ആഴ്ചകൾക്കകം നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. കെട്ടിടങ്ങൾ പൊതുസ്വത്താണ്. അവിടെ രാഷ്ട്രീയ പാർട്ടികളുടെ താൽപര്യം ആവിഷ്കരിക്കാനുള്ളതല്ലെന്നും കോടതി ഓർമപ്പിച്ചു.
പഞ്ചായത്ത് ഓഫീസുകളിലും കെട്ടിടങ്ങളിലും സർക്കാർ താൽപര്യപ്രകാരമുള്ള നിറങ്ങൾ പെയിന്‍റ് അടിക്കണമെന്ന ഏപ്രിലിൽ പ്രാബല്യത്തിലായ ആന്ധ്രാ സർക്കാർ നടപടി (ജിഒ 623) ഹൈക്കോടതി മെയ് 22ന് റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
വൈ.എസ്.ആർ.സി.പി അധികാരത്തിൽ വന്നതിനുശേഷം നിരവധി സർക്കാർ ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ, അംഗനവാടികൾ, സ്‌കൂൾ കെട്ടിടങ്ങൾ, വാട്ടർ ടാങ്കുകൾ, മറ്റ് പൊതു കെട്ടിടങ്ങൾ എന്നിവയിൽ ഭരണകക്ഷിയുടെ പതാക നിറങ്ങൾ ഇതിനോടകം വരച്ചിട്ടുണ്ട്.