ന്യൂഡൽഹി: അതിഥി തൊഴിലാളി പ്രശ്നത്തിൽ വിധി പറയുന്നത് സുപ്രീം കോടതി ജൂൺ ഒമ്പതിലേക്ക് മാറ്റിവച്ചു. എല്ലാ അതിഥിതൊഴിലാളികളെയും നാട്ടിൽ എത്തിക്കുന്നതിന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും 15 ദിവസത്തെ സമയം നൽകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജൂൺ മൂന്ന് വരെയുള്ള കണക്ക് പ്രകാരം അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനായി 4,200 ശ്രമിക് ട്രെയിനുകൾ തയ്യാറാക്കിയിരുന്നതായി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്.കെ.കൗൾ, എം.ആർ.ഷാ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. ഇതുവരെ ഒരു കോടിയിലധികം അതിഥി തൊഴിലാളികളെ നാട്ടിലേക്കെത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളോട് ട്രെയിൻ, ബസ് നിരക്കുകൾ ഈടാക്കരുതെന്നും ഇവർക്ക് സൗജന്യമായി ഭക്ഷണം നൽകണമെന്നും മെയ് 28ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.