ന്യൂഡല്‍ഹി: മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരത് ഹിന്ദു മഹാസഭ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഒരു മുസ്ലീം സ്ത്രീ ആവശ്യം ഉന്നയിക്കട്ടെയെന്ന് ഹര്‍ജി നിരസിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. മുസ്ലീം പള്ളികളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കുന്നത് ഭരണഘടനയുടെ 14,15,21,25,29 വകുപ്പുകളുടെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.
ആവശ്യം നിരസിച്ച കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഋഷ്കേശ് റോയിയും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് കഴിഞ്ഞ ഒക്ടോബറില്‍ ഹര്‍ജിയിലെ ആവശ്യത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തി നിരസിച്ചത്. എന്നാല്‍ സംസ്ഥാനത്തെ മുസ്ലീം പള്ളികളില്‍ സ്ത്രീ പ്രവേശനം തടഞ്ഞിരിക്കുകയാണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.