ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതിയുടെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. 1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ പ്രതിയായ മഹേന്ദ്രസിംഗ് യാദവിന്‍റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കൊവിഡ് ബാധിച്ച് ഐസിയുവിൽ കഴിയുകയാണെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും പ്രതിയുടെ അഭിഭാഷകൾ ബസന്ദ് ഫൂൽക്ക കോടതിയോട് അഭ്യര്‍ഥിച്ചു. ഐസിയുവിന് പുറത്ത് രണ്ട് പൊലീസുകാരെ നിയമിച്ചിട്ടുണ്ടെന്നും പ്രതിയുടെ ബന്ധുക്കൾക്ക് കാണാൻ അവസരമുണ്ടാക്കണമെന്നും ഹർജിയിൽ പറയുന്നു.
നിയമമനുസരിച്ച് ശിക്ഷ അനുഭവിക്കുന്നതിനാൽ രോഗിയെ കാണാൻ ബന്ധുക്കളെ അനുവദിക്കില്ലെന്നും, കൊവിഡ് ആയതിനാൽ സാധാരണയായി ഐസിയുവിൽ ആരെയും പ്രവേശിപ്പിക്കില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ഇന്ദിര ബാനർജി പറഞ്ഞു. പൊതുനിയമം ലംഘിക്കാൻ സാധിക്കില്ല. ചികിത്സയിൽ തുടരുന്നതിനുള്ള ഒരു ബുദ്ധിമുട്ടും അപേക്ഷയിൽ ഇല്ലെന്നും ബന്ധുക്കളെ കാണാൻ അനുവദിക്കാനുള്ള ഗുരുതരമായ അവസ്ഥയിലല്ല രോഗിയെന്നും കോടതി നിരീക്ഷിച്ചു.