ന്യൂഡൽഹി: റാഫേൽ ഇടപാട് സംബന്ധിച്ച് അന്വേഷണത്തിന് സിബിഐയോ ജോയിന്‍റ് പാർലമെന്‍ററി കമ്മിറ്റിയെയോ (ജെപിസി) സുപ്രീംകോടതിക്ക് നിയോഗിക്കാമായിരുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. റാഫേൽ ഇടപാടിനെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ വിധി സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ നിലപാട് തന്നെയാണ് കോൺഗ്രസ് പാർട്ടിക്കെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ബിജെപി സർക്കാരിന്‍റെ സാമ്പത്തിക നയങ്ങൾക്കെതിരെ റാലി നടത്താൻ കോൺഗ്രസ് അധ്യക്ഷൻ സോണിയ ഗാന്ധി പാർട്ടിക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് രാജ്യത്തെ വിവിധ മേഖലകളിൽ ബിസിനസുകൾ നിർത്തിവച്ചിരിക്കുകയാണെന്നും പിവി നരസിംഹറാവുവിന്‍റെ ഭരണകാലത്ത് മൻമോഹൻ സിംഗ് ഉണ്ടാക്കിയ സാമ്പത്തിക നയങ്ങൾ കേന്ദ്രം സ്വീകരിക്കണമെന്നും ഗെലോട്ട് പറഞ്ഞു.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ “അച്ഛാ ദിൻ” വാഗ്‌ദാനങ്ങൾ പാലിച്ചില്ല. രാജ്യത്തെ ജനങ്ങൾ വഞ്ചിക്കപ്പെട്ടുവെന്നും ജനാധിപത്യം അപകടത്തിലാണെന്നും മൗനം പാലിച്ചാൽ ചരിത്രം നമ്മോട് ക്ഷമിക്കില്ലെന്നും ഗെലോട്ട് കൂട്ടിച്ചേർത്തു.