ന്യൂഡൽഹി: റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ തുക പൂർണമായി മടക്കിനൽകുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതിയുടെ നിർദേശം. കേന്ദ്രം, എയർലൈൻസ്, യാത്രക്കാർ എന്നിവരോടാണ് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചത്.
ലോക്ക് ഡൗണിൽ റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ തുക പൂർണമായി തിരികെ നൽകണമെന്ന ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ഒന്നും രണ്ടും ലോക്ക് ഡൗണിൽ ബുക്ക് ചെയ്ത ടിക്കറ്റിനുള്ള തുക വിമാനക്കമ്പനികൾ തിരികെ നൽകുമെന്നും സാമ്പത്തിക ഞെരുക്കം ഉണ്ടായാൽ 2021 മാർച്ച് 31 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാർക്ക് തുല്യമായ തുകയുടെ ക്രെഡിറ്റ് ഷെൽ നൽകുമെന്നും അതിനുശേഷം പണം തിരികെ നൽകുമെന്നും കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇന്ത്യയിൽ ബുക്ക് ചെയ്തവർക്ക് മാത്രമേ റീഫണ്ട് ലഭിക്കുകയുള്ളൂവെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ലോക്ക്ഡൗണിനെ തുടർന്ന് വിമാനം റദ്ദാക്കിയ എല്ലാവർക്കും ആശ്വാസം നൽകണമെന്ന് മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഡ്ജ് കോടതിയിൽ പറഞ്ഞിരുന്നു. കേന്ദ്രത്തിന്‍റെ മാനദണ്ഡങ്ങൾ പാലിക്കാൻ സ്‌പൈസ്ജെറ്റ് വിമാനക്കമ്പനി സമ്മതിച്ചെങ്കിലും ഗോ എയർ, ഇൻഡിഗോ, എയർ ഏഷ്യ, വിസ്താര എന്നിവർ ചില നിർദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഓരോ വ്യക്തിഗത കേസും പരിഗണിക്കാൻ കഴിയില്ലെന്നും കേസ് പരിഗണിക്കുമ്പോൾ എല്ലാ സാധ്യതകളും സാഹചര്യങ്ങളും ശ്രദ്ധിക്കുമെന്ന് കോടതി പറഞ്ഞു.
അതേസമയം സാങ്കേതിക തകരാറുകൾ കാരണം ടിക്കറ്റുകൾ റദ്ദാക്കപ്പെട്ടാൽ വിമാനങ്ങൾ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ റീഫണ്ട് എങ്ങനെ പ്രാവർത്തികമാക്കുമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചു. ഇതിനായി കാര്യങ്ങൾ വ്യക്തമാക്കുന്ന അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.