ന്യൂഡൽഹി: റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കാലയളവിൽ വായ്പാ പലിശ ഈടാക്കുന്നതിനെതിരെ സമർപ്പിച്ച ഹർജിയിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി. ധനമന്ത്രാലയത്തോടും ആർബിഐയോടും പൊതുതാൽപര്യ ഹർജി സമർപ്പിച്ച ഗജേന്ദ്ര ശർമയോടും വിശദീകരണം നൽകാൻ ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം.ആർ.ഷാ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആവശ്യപ്പെട്ടു. ആഗസ്റ്റ് 31 വരെയാണ് ആർബിഐ പ്രഖ്യാപിച്ച മൊറട്ടോറിയം കാലയളവ്.
സാമ്പത്തിക വശത്തേക്കാൾ പ്രധാനം ജനങ്ങളുടെ ജീവിതമാണെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ വ്യക്തമാക്കി. ബാങ്കുകൾ മാത്രം നല്ല രീതിയിൽ പ്രവർത്തിക്കുകയും രാജ്യത്തെ മറ്റെല്ലാ മേഖലകളും കൂപ്പുകുത്തുകയും ചെയ്താൽ മതിയോയെന്ന് ഗജേന്ദ്ര ശർമയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ രാജീവ് ദത്ത കോടതിയിൽ ഉന്നയിച്ചു. ജൂൺ 12ന് കോടതി വീണ്ടും വാദം കേൾക്കും.
ഹർജി പരിഗണിക്കരുതെന്നാവശ്യപ്പെട്ട സത്യവാങ്മൂലവുമായി ആർബിഐ ബുധനാഴ്ച രംഗത്തെത്തിയിരുന്നു. എന്നാൽ കോടതിയിൽ സമർപ്പിക്കുന്നതിന് മുമ്പേ മാധ്യമങ്ങളിൽ ആർബിഐയുടെ സത്യവാങ്മൂലം പ്രത്യക്ഷപ്പെട്ടതിനെതിരെ സുപ്രീം കോടതി താക്കീത് നൽകി. ഇത്തരം വിലകുറഞ്ഞ പ്രവൃത്തികൾ അനുവദിക്കാൻ സാധിക്കില്ലെന്നും സുപ്രീം കോടതി അറിയിച്ചു.