പഞ്ചാബ്: പഞ്ചാബിലെ ജലന്ധറിലുള്ള സന്‍സാര്‍പൂര്‍ ഗ്രാമം ഹോക്കിയുടെ മെക്കയെന്നാണ് അറിയപ്പെടുന്നത്. ഈ ഗ്രാമത്തിന്‍റെ ചരിത്രം നമ്മോട് പറയുന്നത് മഹാൻമാരായ പോരാളികളുടേയും വീര നായകന്മാരുടേയും കഥയാണ്. സന്‍സാര്‍പൂര്‍ ഗ്രാമം ഇതുവരെ 14 ഒളിമ്പിക്‌സ് താരങ്ങളെയാണ് രാജ്യത്തിന് സംഭാവന ചെയ്തിട്ടുള്ളത്. ലോകത്തെ ഏറ്റവും പ്രശസ്തമായ കായിക മത്സരത്തില്‍ പങ്കെടുത്ത് രാജ്യത്തിന് വേണ്ടി ഇതുവരെ ഈ കളിക്കാര്‍ 27 മെഡലുകളും നേടിക്കൊടുത്തു.
ഒരു കാലത്ത് ഈ ഗ്രാമത്തിലെ കളിക്കളങ്ങൾ ഇന്ത്യന്‍ ഹോക്കിയെ പ്രതാപത്തിന്‍റെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ലോക ഹോക്കിയുടെ നിലവാരം തന്നെ കുത്തനെ ഉയര്‍ത്തിയ ഈ ഗ്രാമം ഇപ്പോഴും ഒരു ആസ്‌ട്രോ ടര്‍ഫ് മൈതാനത്തിന് വേണ്ടി കാത്തിരിക്കുകയാണ്. എങ്കിലും ഹോക്കി പ്രേമികളെ സംബന്ധിച്ചിടത്തോളം ഇന്നും ഈ ഗ്രാമത്തിലെ മൈതാനം ആകര്‍ഷണ കേന്ദ്രമായി തന്നെ തുടരുകയാണ്. ഒരു കാലത്ത് ഈ ഗ്രാമത്തില്‍ നിന്നുള്ള ആറ് കളിക്കാര്‍ ഒരേ സമയം ഇന്ത്യയുടെ ദേശീയ ടീമില്‍ കളിച്ചിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണെങ്കില്‍ പുതിയ തലമുറയിലെ കുട്ടികള്‍ക്കും രാഷ്ട്രത്തിന് ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കി ഈ ഗ്രാമത്തിന്‍റെ പാരമ്പര്യം മുന്നോട്ട് കൊണ്ടു പോകുവാന്‍ കഴിയും.
ഈ മൈതാനത്തിന്‍റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്തു കൊണ്ട് വളർന്ന് വരുന്ന കായിക താരങ്ങളെ പരിശീലിപ്പിക്കുന്നതിനായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക പരിശീലകരെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഇവിടത്തെ കുട്ടികള്‍ക്ക് മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. രാജ്യത്തിന്‍റെ കീര്‍ത്തി വാനോളം ഉയർത്തണമെന്ന് ആഗ്രഹിക്കുന്ന ഏതാണ്ട് 70 കുട്ടികള്‍ ഈ മൈതാനത്ത് ദിവസവും ഹോക്കി പരിശീലിക്കുവാന്‍ എത്തുന്നുണ്ട്.
ഗ്രാമത്തില്‍ വലിയൊരു മൈതാനം ഇല്ലെങ്കിൽക്കൂടിയും ഒരു ആസ്‌ട്രോ ടര്‍ഫ് ഇവിടെ ലഭ്യമാക്കാവുന്നതാണ്. എന്നിരുന്നാലും ചരിത്രം പറയുന്ന ഈ മൈതാനത്ത് കുട്ടികള്‍ വളരെ ഊര്‍ജ്ജസ്വലതയോടെ ഹോക്കി കളിച്ചു കൊണ്ടിരിക്കുന്നു. കാരണം ഈ മൈതാനം അവര്‍ക്ക് അത്രത്തോളം അത്മവിശ്വാസം നല്‍കുന്നുണ്ട്.