ഹരിദ്വാര്‍: തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി. ഹിന്ദു മഹാസഭാ അധ്യക്ഷനായിരുന്ന കമലേഷ് തിവാരിയുടെ കൊലപാതകത്തില്‍ പ്രതികരിക്കുകയായിരുന്നു സാധ്വി. തിവാരിയെ കൊന്നത് ജിഹാദികളാണെന്നും അവര്‍ ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോടും തനിക്ക് സുരക്ഷ നല്‍കണമെന്നും സാധ്വി പ്രാചി ആവശ്യപ്പെട്ടു.
പല തവണ ഐഎസ്ഐഎസ് ഭീകരവാദികളില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടായിട്ടുണ്ട്. ദൈവത്തില്‍ പൂര്‍ണമായും വിശ്വസിക്കുന്നതിനാല്‍ ഇതുവരെ പുറത്തുവിടാതെ ഇരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എന്‍റെ ആശ്രമത്തില്‍ അപരിചിതരെത്തിയിരുന്നു. എന്നെ കുറിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. അതുകൊണ്ട് തനിക്ക് സുരക്ഷ നല്‍കണമെന്നും സാധ്വി പറഞ്ഞു. രാജ്യത്തെ ജിഹാദികള്‍ക്ക് സംരക്ഷണം കൊടുക്കുന്നത് കോണ്‍ഗ്രസാണെന്നും അവര്‍ ആരോപിച്ചു. കമലേഷിന് നല്‍കിയിരുന്ന സുരക്ഷ പിൻവലിച്ചതിന് യോഗി സര്‍ക്കാരിന്‍റെ ഉദ്യോഗസ്ഥര്‍ മറുപടി പറയണമെന്നും അവര്‍ പറഞ്ഞു. മധുരമടങ്ങിയ പെട്ടി കൈമാറാനെന്ന വ്യാജേന ഓഫീസില്‍ എത്തിയാണ് അജ്ഞാതര്‍ കമലേഷ് തിവാരിയെ വെടിവച്ച് കൊലപ്പെടുത്തിയത്.