ജയ്‌പൂര്‍: രാജ്യത്തെ തൊഴിലില്ലായ്‌മക്കെതിരെ പ്രതികരിച്ച രാഹുല്‍ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. വിവിധ വിഷയങ്ങളില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് പിന്തുണയുമായാണ് സച്ചിന്‍ പൈലറ്റ് രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കോടിക്കണക്കിന് തൊഴിലവസരങ്ങളാണ് ഇല്ലാതായതെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് പ്രതിവര്‍ഷം സൃഷ്‌ടിക്കുമെന്ന് പറഞ്ഞാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതെന്നും അദ്ദേഹം പറഞ്ഞു. വേതനം വെട്ടിക്കുറച്ചു. ലഡാക്കില്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ച് കടന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നല്‍ക്കും. നിര്‍ഭാഗ്യവശാല്‍ നിലവിലെ സാഹചര്യത്തില്‍ കേന്ദ്രം മറ്റ് വിഷയങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിലാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
രാജസ്ഥാനില്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ച ഹൈക്കമാന്‍റ് നടപടിയെയും അദ്ദേഹം പിന്തുണച്ചു. രാജസ്ഥാന്‍റെ ചുമതലയുള്ള അജയ് മാക്കനാണ് കമ്മിറ്റിയുടെ തലവന്‍. വിവിധ വിഷയങ്ങളില്‍ സംസ്ഥാനത്തെ ജനങ്ങളുടെ അഭിപ്രായം തേടുകയാണ് കമ്മിറ്റിയുടെ പ്രഥമ ദൗത്യം.