ലോക സമ്പദ് വ്യവസ്ഥയെ കൊവിഡ് തളര്‍ത്തിയതോടെ സാമ്പത്തിക സമവാക്യങ്ങള്‍ മാറി മറിഞ്ഞു. അതോടൊപ്പമുള്ള പ്രത്യാഘാതങ്ങളും നിരവധി വര്‍ഷങ്ങള്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കും. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ലോകം ഇപ്പോഴും കരകയറി കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് അതിലും വലിയ മറ്റൊരു പ്രതിസന്ധി ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്. ഇന്ത്യയും ഈ പ്രതിസന്ധി തീര്‍ച്ചയായും അനുഭവിച്ചു വരുന്നു. അതേ സമയം തന്നെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അതി ഭീമമായ വരുമാന, സാമ്പത്തിക കമ്മികള്‍ മൂലം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിന്‍റെ ഏറ്റവും ദുര്‍ബലമായ ഘട്ടത്തിലുമായിരുന്നു. സ്വകാര്യ മുതല്‍ മുടക്ക് കുറഞ്ഞു വരികയും, ഇറക്കുമതി താഴോട്ട് വീഴുകയും, ഉയര്‍ന്ന തോതിലുള്ള കടബാധ്യതകള്‍ ഉണ്ടാവുകയും, ബാങ്ക് പ്രതിസന്ധിയും എല്ലാം ചേര്‍ന്ന് രൂപയെ അതിന്‍റെ ഏറ്റവും താഴ്ന്ന മൂല്യത്തിലേക്ക് തള്ളി വിട്ടു. അതേ സമയം റെക്കോര്‍ഡ് തോതില്‍ ഉണ്ടായിരിക്കുന്ന വിദേശ നാണ്യ നീക്കിയിരുപ്പ് മികച്ചതാണെന്ന് വിശ്വസിക്കാന്‍ ഒരു തെറ്റായ ആത്മവിശ്വാസം നമ്മെ പ്രേരിപ്പിക്കുകയും ചെയ്‌തു. ഈ നീക്കിയിരുപ്പുകളുടെ ബഹു ഭൂരിപക്ഷം വരുന്ന ഭാഗവും മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി ഇവിടെ സര്‍ക്കാരിന്‍റെ അധിക സമ്പത്തല്ല എന്നുള്ള കാര്യമാണ് പ്രശ്‌നം സൃഷ്‌ടിക്കുന്നത്.
തിളക്കമാര്‍ന്ന മേഖലകള്‍
അതേ സമയം സാമ്പത്തിക പ്രതിസന്ധിയുടെ കരിനിഴലുകള്‍ക്കിടയില്‍ യഥാര്‍ഥത്തിലുള്ള വെള്ളി വെളിച്ചങ്ങള്‍ എന്നു പറയാവുന്നത് ഗ്രാമീണ സമ്പദ് വ്യവസ്ഥ ജീവന്‍ വെക്കുന്നതിന്‍റെ സൂചനകള്‍ കാട്ടി തുടങ്ങുന്നുവെന്നുള്ളതാണ്. നമ്മള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കേണ്ട കാര്യമാണിത്. ഇതിനു പുറമെ മൊത്തം സമ്പദ് വ്യവസ്ഥയിലും ചില ഗുണവശങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ ആവശ്യകത പതുക്കെ ജീവന്‍ വെച്ചിരിക്കുന്നു. വൈദ്യുതിയുടെ ആവശ്യം പ്രാദേശിക അടച്ചു പൂട്ടലുകള്‍ക്കിടയിലും കൊവിഡിനു മുന്‍പുള്ള തോതിലേക്ക് എത്തിയിരിക്കുന്നു, മെയ് മാസം മുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗവും മെച്ചപ്പെട്ടിരിക്കുന്നു, ദേശീയ പാതകളിലെ ഗതാഗതം വര്‍ധിക്കുകയും പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ഇരുചക്ര വാഹനങ്ങളുടെ ആവശ്യം കൂടുകയും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് 20 ശതമാനം വര്‍ധന ട്രാക്‌ടര്‍ വില്‍പ്പനയില്‍ ഉണ്ടാവുകയും ചെയ്‌തിരിക്കുന്നു. ഗ്രാമീണ മേഖലയില്‍ കടത്തിന്‍റെ തോത് കുറവാണെന്നുള്ള വസ്‌തുത നിലനില്‍ക്കെ ബാങ്കുകള്‍ കടം നല്‍കാന്‍ തയ്യാറായാല്‍ ഗ്രാമീണ ആവശ്യങ്ങളുമായി ബന്ധപ്പെട്ട സൂചനകള്‍ ഇന്ത്യ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ പുനരുജ്ജീവിക്കുമെന്നുള്ള പ്രത്യാശ നല്‍കുന്നു.
കൃഷി, കുടിയേറ്റം, കടം, സര്‍ക്കാര്‍ സഹായം എന്നിവയെ ആശ്രയിച്ചിരിക്കുന്നു ഗ്രാമീണതലത്തിലുള്ള ആവശ്യങ്ങള്‍. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ട്രാക്‌ടര്‍ വില്‍പന വര്‍ധിച്ചു എന്നത് ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ഉപഭോഗത്തെ പിന്തുണക്കുമെന്നുള്ള വലിയ പ്രത്യാശ നല്‍കുന്നു. നിലവിലെ നിര്‍ണായകമായ അവസ്ഥയില്‍ സമ്പദ് വ്യവസ്ഥയേയും അത് പിന്തുണക്കുമെന്ന് പ്രത്യാശ നല്‍കുന്നു. 5.8 കോടി ഹെക്‌ടറിലാണ് ഖരീഫ് വിളയിറക്കല്‍ ഈ വര്‍ഷം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം അത് 4 കോടി ഹെക്‌ടറായിരുന്നു. നെല്ല് 26 ശതമാനവും, ധാന്യങ്ങള്‍ 160 ശതമാനവും, ഭക്ഷ്യ ധാന്യങ്ങള്‍ 29 ശതമാനവും എണ്ണ കുരുക്കള്‍ 85 ശതമാനവും പരുത്തി 35 ശതമാനവും വന്‍ വര്‍ധനവ് രേഖപ്പെടുത്തി എന്നുള്ളത് മികച്ച സൂചന തന്നെ. വെട്ടു കിളികള്‍ അല്ലെങ്കില്‍ അതുപോലുള്ള മറ്റ് പ്രകൃതി ദുരന്തങ്ങള്‍ ഒന്നുമില്ലാതെ ഈ വര്‍ധവവ് തുടരുകയാണെങ്കില്‍ ഈ വര്‍ഷം ബമ്പര്‍ വിളവെടുപ്പ് തന്നെ പ്രതീക്ഷിക്കാം. ഇതിനര്‍ത്ഥം ഗ്രാമീണ മേഖലയില്‍ ഉയര്‍ന്ന കാര്‍ഷിക തൊഴിലുകളും, നികുതിക്കും ചെലവിനും ശേഷമുള്ള ഉയര്‍ന്ന വരുമാനവും ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ്. യു എസ് പോലുള്ള മറ്റ് വലിയ ഉല്‍പ്പാദക രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ് വിളയിറക്കലാണ് ഉണ്ടായിട്ടുള്ളത് എന്ന വസ്‌തുത കണക്കിലെടുക്കുമ്പോള്‍, അന്താരാഷ്ട്ര കാര്‍ഷിക ഉല്‍പന്ന നിരക്കും സഹായകരമായി മാറിയേക്കും. കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന ഏത് മെച്ചപ്പെടലും സ്വാഗതാര്‍ഹമായ ആശ്വാസം തന്നെയാണ്. കാരണം നഗര മേഖലകളിലേക്കുള്ള കുടിയേറ്റവും പണത്തിന്‍റെ ഒഴുക്കുമെല്ലാം പൂര്‍ണമായും തകര്‍ന്നിരിക്കുന്നു.
കാര്‍ഷിക, ഗ്രാമീണ വികസന മന്ത്രാലയം ഇതുവരെയായി 90000 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞതായി സര്‍ക്കാരിന്‍റെ കണക്കുകള്‍ കാട്ടി തരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 44000 കോടി രൂപയായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചിരിക്കുന്നത് തൊഴിലുറപ്പ് പദ്ധതിക്കുവേണ്ടി ഗ്രാമീണ വികസന മന്ത്രാലയമാണ്. അത് ഏതാണ്ട് 43000 കോടി രൂപ വരുന്നു. ഇതിനു പുറമെ 6000 കോടി രൂപ പി എം ഗരീബ് കല്ല്യാണ്‍ റോസ്‌ഗര്‍ യോജനക്കു വേണ്ടി അതിന്‍റെ തുടക്കം മുതല്‍ ചെലവഴിച്ചിട്ടുണ്ട്. പുതിയ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ 100 ദിവസത്തിനുള്ളില്‍ ബജറ്റ് നീക്കിയിരുപ്പിന്‍റെ 95 ശതമാനവും സര്‍ക്കാര്‍ ചെലവഴിച്ചു കഴിഞ്ഞിരിക്കുന്നു. 2020 ഏപ്രില്‍ മുതല്‍ ഇതുവരെയായി തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ഏതാണ്ട് 130 തൊഴില്‍ ദിനങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ തന്നെ 80 കോടി പേര്‍ക്കുള്ള തൊഴില്‍ ദിനങ്ങള്‍ 6 സംസ്ഥാനങ്ങളില്‍ മാത്രമായാണ് സൃഷ്‌ടിക്കപ്പെട്ടത്. 4.87 കോടി കുടുംബങ്ങള്‍ക്ക് ഇതുമൂലം ഗുണഫലങ്ങള്‍ ഉണ്ടായി. ഈ സാമ്പത്തിക വര്‍ഷത്തിലെ 100 ദിവസങ്ങളില്‍ സൃഷ്‌ടിച്ച ആകെ തൊഴില്‍ ദിനങ്ങള്‍ ഇപ്പോള്‍ തന്നെ കഴിഞ്ഞ വര്‍ഷം മൊത്തത്തില്‍ സൃഷ്‌ടിക്കപ്പെട്ട തൊഴില്‍ ദിനങ്ങളുടെ 50 ശതമാനം ആയി കഴിഞ്ഞിരിക്കുകയാണ്. ആന്ധ്രാപ്രദേശ് ആണ് ഏറ്റവും കൂടുതല്‍ സജീവ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ ഉള്ള സംസ്ഥാനങ്ങളില്‍ അഞ്ചാം സ്ഥാനത്ത്. തമിഴ്‌നാടിനേക്കാള്‍ മുന്നിലാണ് ഇക്കാര്യത്തില്‍ ആന്ധ്ര. രാജ്യത്ത് നാല് സംസ്ഥാനങ്ങളില്‍ ഒരു കോടിയിലധികം സജീവ തൊഴിലാളികള്‍ ഉണ്ട്.
ജാഗ്രത പാലിക്കേണ്ട ആവശ്യം
സമ്പദ് വ്യവസ്ഥ പുനരുജ്ജീവിച്ചു കഴിഞ്ഞു എന്ന് ഇതൊന്നും അര്‍ത്ഥമാക്കുന്നില്ല. നല്ലൊരു തുടക്കം മാത്രമാണ് ഇതു കൊണ്ടെല്ലാം അര്‍ത്ഥമാക്കുന്നത്. അതേ സമയം തന്നെ ഈ സൂചനകളെല്ലാം തന്നെ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന സാമ്പത്തിക മെച്ചപ്പെടലിന്‍റേതാണ് എന്നു പറയുവാന്‍ സമയമായിട്ടില്ല താനും. കൊവിഡിനുള്ള ചികിത്സ എത്ര വേഗത്തില്‍ കണ്ടെത്തുന്നു എന്നതിനെ പൂര്‍ണമായും ആശ്രയിച്ചിരിക്കുന്നു സുസ്ഥിരമായ സാധാരണ നിലയിലേക്കുള്ള മടക്കം. അതിനാല്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കേണ്ടതായിട്ടുള്ള ഏതാനും പ്രശ്‌നങ്ങളുണ്ട്. ബാങ്കുകള്‍ ഇപ്പോഴും വായ്‌പകള്‍ നല്‍കുവാന്‍ വിസമതിച്ചു നില്‍ക്കുകയാണ് എന്ന് വേണം കരുതാന്‍. അവര്‍ അവകാശപ്പെടുന്ന പുതിയ വായ്‌പകളിലെ ഭൂരിഭാഗവും പച്ചപ്പു കാണിക്കല്‍ മാത്രമാണ്. ഇവിടെ അവര്‍ ഒരു പുതിയ വായ്‌പ നല്‍കിയതായി കാട്ടുമെങ്കിലും യഥാര്‍ഥത്തില്‍ അത് പഴയ വായ്‌പ പുതുക്കി നല്‍കിയതായി കാട്ടി കൊണ്ട് പുതിയ വായ്‌പ വിതരണം ചെയ്യുകയാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ പുതിയ വായ്‌പകള്‍ എന്നത് പുസ്‌തകത്തില്‍ മാത്രം ഉള്ള ഒരു ഇടപാടാണ്. അതായത് കടം ആവശ്യമുള്ളവര്‍ക്ക് പുതുതായി പണം എത്തുന്നതേ ഇല്ല എന്നര്‍ഥം. വസ്‌തുവകകള്‍ ഈട് നല്‍കിയുള്ള വായ്‌പകള്‍ ബാങ്കുകള്‍ നല്‍കി വരുന്നുണ്ട് എന്നുള്ളത് മാത്രമാണ് ഇവിടെ ഒരു വ്യത്യാസം. ബാങ്കുകള്‍ വായ്‌പകള്‍ നല്‍കുവാന്‍ അത്ര താല്‍പ്പര്യം കാണിക്കുന്നില്ല എന്നുള്ള വസ്‌തുത സ്വര്‍ണ്ണ പണയ കമ്പനികള്‍ വര്‍ധിച്ച തോതില്‍ വായ്‌പ നല്‍കി വരുന്നു എന്നതിനുള്ള സൂചനയാണ്. മധ്യ, താഴേക്കിട വര്‍ഗ്ഗങ്ങളില്‍ പെട്ടവര്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളുടെ വ്യക്തമായ സൂചനയാണിത്. കൃത്യ സമയത്ത് ആവശ്യമായ കടങ്ങള്‍ നല്‍കുന്നില്ല എങ്കില്‍ നീണ്ടു നില്‍ക്കുന്ന കാര്‍ഷിക പുനരുജ്ജീവനം നിലനിര്‍ത്തുവാന്‍ കഴിയുകയില്ല.
സര്‍ക്കാരിന്‍റെ ചെലവിടലിനെ മാത്രം ആശ്രയിച്ചു കൊണ്ടുള്ള ആവശ്യങ്ങളെല്ലാം ഹ്രസ്വകാല താല്‍ക്കാലിക നടപടി മാത്രമായി മാറും. ഹ്രസ്വകാല നടപടികള്‍ക്കു വേണ്ടി ഒട്ടേറെ പണം ചെലവിടുന്നതിനു വേണ്ടിയുള്ള വിഭവങ്ങള്‍ സര്‍ക്കാരിന്‍റെ പക്കലില്ല. അതിലുപരി നഷ്‌ടപ്പെട്ടു പോയ വരുമാന തുകയ്ക്ക് പകരമായി കാണുവാന്‍ കഴിയുകയില്ല തൊഴിലുറപ്പ് പദ്ധതിയെ. ദീര്‍ഘകാലാടിസ്ഥാനത്തില്‍ തൊഴിലുകള്‍ സൃഷ്‌ടിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ക്ക് വേണ്ടി മുതല്‍ മുടക്കുകയാണ് ചെയ്യേണ്ടത്. അത് സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ജനസംഖ്യ കൂടുതല്‍ സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളിലേക്ക് എത്തിച്ചേരും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് മേല്‍ പ്രധാനപ്പെട്ട ഇനങ്ങള്‍ക്ക് അമിതമായ നികുതി ഈടാക്കുന്നു എന്നുള്ള കാര്യത്തിലാണ് അടിയന്തിരമായ നയ ഇടപെടലുകള്‍ ആവശ്യമായിട്ടുള്ളത്. നികുതി ചുമത്തുവാന്‍ വളരെ കുറച്ച് സ്രോതസുകള്‍ മാത്രമേ ഉള്ളൂ എന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. ആവശ്യകതകളെ ഇല്ലായ്‌മ ചെയ്യാനേ ഈ വഴി ഉപകരിക്കുകയുള്ളൂ. അതിനാല്‍ ജി.എസ്.ടി അടക്കമുള്ള എല്ലാ നികുതികളും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ അടക്കമുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും കുറയ്ക്കുക എന്നുള്ളതാണ് ആവശ്യകത വര്‍ധിപ്പിക്കാനുള്ള ഏറ്റവും മികച്ച വഴി. കാരണം കുടുംബങ്ങളുടെ ബാലന്‍സ് ഷീറ്റുകള്‍ അങ്ങേയറ്റം സമ്മര്‍ദത്തിനകപ്പെട്ടു കൊണ്ടിരിക്കുകയാണ്. മറ്റൊരു പ്രധാനപ്പെട്ട ആവശ്യം പിന്നാക്ക, ഗ്രാമീണ മേഖലകളില്‍ നടത്തുന്ന മുതല്‍ മുടക്കുകള്‍ക്ക് 10 വര്‍ഷത്തെ നികുതി ഒഴിവ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുക എന്നുള്ളതാണ്. ഇത് ഗ്രാമീണമേഖലയില്‍ തൊഴിലുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സൃഷ്‌ടിക്കുന്നതിന് സഹായകരമായിരിക്കും.