ഹൈദരബാദ്: തെലങ്കാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരുടെ സമരത്തിനെതിരെ കടുത്ത നടപടികളുമായി സര്‍ക്കാര്‍. തൊഴിലാളികള്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാനുള്ള അവസാന ദിവസം ഇന്നാണ്. ചൊവ്വാഴ്‌ച അര്‍ദ്ധരാത്രിയോടെ ജോലിയില്‍ പ്രവേശിക്കാത്ത പക്ഷം സമരത്തില്‍ പങ്കെടുക്കുന്നവരെ ജോലിയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആര്‍ടിസി സര്‍വീസുകള്‍ സ്വകാര്യവല്‍കരിക്കുന്നതിന് എതിരെ തെലങ്കാന ആര്‍ടിസി ഒരു മാസത്തോളമായി സമരം നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് സമരം ചെയ്യുന്ന ജീവനക്കാർ നവംബർ അഞ്ചിന് മുമ്പായി തിരികെ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ പിന്നീട് അവരെ ജോലിയിൽ തിരികെ എടുക്കില്ലെന്ന് തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടിഎസ്ആർടിസി) ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയത്.
സമരം ചെയ്യുന്ന ജീവനക്കാര്‍ ജോലിക്ക് ഹാജരായില്ലെങ്കില്‍ ബാക്കിയുള്ള 5000 സര്‍വീസുകള്‍ കൂടി സ്വകാര്യവല്‍കരിക്കുമെന്നും സംസ്ഥാനത്ത് ആർടിസി എന്ന പേരിൽ ഒരു സംരംഭം ഉണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി. 5,100 സ്വകാര്യ ബസുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ പെര്‍മിറ്റ് നല്‍കിയിരിക്കുന്നത്. 10,400 ബസുകള്‍ തെലങ്കാന ആര്‍ടിസിയുടേതായി സര്‍വീസ് നടത്തിയിരുന്നു. ഇതില്‍ പകുതി സര്‍വീസുകളാണ് നിലവിൽ സ്വകാര്യവല്‍കരിച്ചിട്ടുള്ളത്. സ്വകാര്യവല്‍കരണ തീരുമാനത്തെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ശക്തമായി എതിര്‍ത്തെങ്കിലും തീരുമാനത്തില്‍നിന്നു പിന്നോട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കിയിരുന്നു.