ഹൈദരാബാദ്: ഓരോ ആര്‍.എസ്.എസ് പ്രവര്‍ത്തകരേയും സംബന്ധിച്ച് രാജ്യത്തെ 130 കോടി ജനങ്ങളും ഹിന്ദുക്കളാണെന്ന് ആര്‍.എസ്.എസ് തലവൻ മോഹൻ ഭാഗവത്. അവരുടെ മതവും ഭാഷയും സംസ്കാരവും ഏതായാലും പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘത്തെ സംബന്ധിച്ച് 130 കോടി ഇന്ത്യക്കാര്‍ ഹിന്ദു സമാജിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ ആർ.എസ്.എസ്. ത്രി-ദിന വിജയ സങ്കൽപ്പ ശിബിരത്തിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. തെലങ്കാന രൂപീകൃതമായതിന് ശേഷം ആദ്യമായി നടക്കുന്ന ആര്‍.എസ്.എസ് യോഗമാണിത്.
ഇന്ത്യയെ മാതൃരാജ്യമായി കണക്കാക്കുന്നവരെയാണ് ഞാൻ ഹിന്ദു സമാജിന്‍റെ ഭാഗമെന്ന് വിളിക്കുന്നത്. എല്ലാവരും ഇന്ത്യയുടെ മക്കളാണെന്നും അദ്ദേഹം പറഞ്ഞു. "ഏത് ഭാഷ സംസാരിച്ചാലും, ഏത് പ്രദേശത്തുനിന്നും, ഏത് ആരാധനാരീതി പിന്തുടരുകയാണെങ്കിലും, യാതൊരു ആരാധനയിലും വിശ്വസിക്കുന്നില്ലെങ്കിലും, ഇന്ത്യ രാജ്യത്തിന്‍റെ മകൻ ഒരു ഹിന്ദുവാണ്. ഇക്കാര്യത്തിൽ, സംഘത്തെ സംബന്ധിച്ചിടത്തോളം 130 കോടി ഇന്ത്യൻ ജനങ്ങൾ ഹിന്ദു സമൂഹമാണ്," അദ്ദേഹം പറഞ്ഞു.എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന്‍റെ ഭാഗമായി പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി ഹിന്ദു സമാജ് എന്ന ആശയം പ്രചരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധര്‍മ വിജയമാണ് ഹിന്ദു സമാജിന്‍റെ ആശയം. അതുകൊണ്ടുതന്നെ രാജ്യം പരമ്പരാഗതമായി ഹിന്ദുത്വ വാദികളുടേതാണെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേര്‍ത്തു.