ബെംഗളൂരു:കർണാടകയിലെ മംഗളൂരുവിലെ ഉല്ലാലിനെ പാകിസ്ഥാനുമായി താരതമ്യപ്പെടുത്തി മുതിർന്ന ആർ.എസ്.എസ് നേതാവ് കല്ലഡ്‌ക പ്രഭാകർ ഭട്ട്. മംഗളൂരുവിലെ ഉല്ലാൽ നിയമസഭാ മണ്ഡലം ഒരു മിനി പാകിസ്ഥാനായി മാറി എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്.
മേഖലയിലെ ഹിന്ദുക്കൾ മുസ്ലീങ്ങളെക്കാൾ ഉയർന്നില്ലെങ്കിൽ അവർ ഭൂരിപക്ഷം ഹിന്ദുക്കളുടെയും മേൽ ആധിപത്യം തുടരുമെന്നാണ് അദ്ദേഹം പറയുന്നത്. എപ്പോഴും ഒരു മുസ്ലീം നിയമസഭാംഗത്തെ തെരഞ്ഞെടുക്കുന്നതിന് പകരം ഒരു ഹിന്ദു നിയമസഭാംഗത്തെ തെരഞ്ഞെടുക്കണമെന്ന് ഉല്ലാൽ നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരോട് ആർ.എസ്.എസ് നേതാവ് അഭ്യർത്ഥിച്ചു. മുൻ കർണാടക മന്ത്രി യു.ടി ഖാദർ പ്രതിനിധീകരിക്കുന്ന ഉല്ലാൽ നിയമസഭാ മണ്ഡലത്തിന്‍റെ പേര് മംഗലാപുരം നിയോജകമണ്ഡലം എന്ന് പുനർനാമകരണം ചെയ്തിരുന്നു. തുടർച്ചയായി നാല് തവണ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചയാളാണ് യു.ടി ഖാദർ. മംഗളൂരു, ഉഡുപ്പി ജില്ലകളിലെ 20 സീറ്റുകളിൽ മംഗളൂരു (ഉല്ലാൽ) മാത്രമാണ് കോൺഗ്രസിന് വിജയം നിലനിർത്താൻ സാധിച്ചത്.
പാകിസ്ഥാനിൽ മാത്രമാണ് ഹിന്ദു ആധിപത്യമുള്ള സീറ്റുകളിൽ മുസ്ലീങ്ങൾ വിജയിക്കുന്നതെന്നും മാധ്യമങ്ങളോട് സംസാരിച്ച കല്ലഡ്‌ക പ്രഭാകർ ഭട്ട് പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് ഉല്ലാലിനെ പാകിസ്ഥാനുമായി താരതമ്യപ്പെടുത്തി ഭട്ട് ഒരു വിവാദമുണ്ടാക്കിയത്. ഹിന്ദു സംസ്കാരം സംരക്ഷിക്കുന്നതിനും സംസ്ഥാനത്ത് എവിടെയും ഒരു ചെറിയ പാകിസ്ഥാൻ സൃഷ്ടിക്കാൻ അനുവദിക്കാതിരിക്കുന്നതിനും കൂടുതൽ കുട്ടികളെ സൃഷ്ടിക്കണമെന്ന് അദ്ദേഹം സംസ്ഥാനത്തെ ഹിന്ദുക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.