ന്യൂഡൽഹി: ഡൽഹിയിലെ റോഡിൽ സ്ഥാപിച്ചിരിക്കുന്ന ചങ്ങല ബാരിക്കേഡുകൾ കാരണം ഉണ്ടായ അപകടത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവാവിന് 75 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി.
ഡൽഹി പൊലീസ് ചുമതല നിർവഹിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് അപകടം ഉണ്ടായതെന്ന് ഉന്നയിക്കാൻ ഇരയ്ക്ക് അവകാശമുണ്ടെന്ന് കോടതി വിലയിരുത്തി.
ബാരിക്കേഡുകൾ മനസിലാകും വിധം ശരിയായി റിഫ്ലക്ടറുകളോ മറ്റ് ലൈറ്റുകളോ സ്ഥാപിച്ചിട്ടില്ലെന്നും ജസ്റ്റിസ് നവീൻ ചൗള പറഞ്ഞു. 2015 ഡിസംബറിൽ സംഭവം നടക്കുമ്പോൾ ഇരയായ ധീരജ് കുമാറിന് 21 വയസാണ് പ്രായം ഉണ്ടായിരുന്നത്.
ഡിസംബർ മാസം രാവിലെ ധീരജ് കുമാറും അച്ഛനും മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് അപകടം ഉണ്ടാകുന്നത്. തുടര്‍ന്ന് ഇയാളെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഒന്നിലധികം ശസ്ത്രക്രിയകൾക്കും മറ്റ് ചികിത്സകൾക്കും ശേഷം അബോധാവസ്ഥയിൽ ഇരിക്കെ പ്രതിയെ ഡിസ്ചാർജ് ചെയ്യുകയുമായിരുന്നു.
അപകടം നടന്ന സൈറ്റിൽ നിന്ന് ഹെൽമെറ്റ് കണ്ടെടുത്തിട്ടില്ലെന്ന കാരണത്താൽ, അപകടസമയത്ത് അപേക്ഷകൻ നമ്പർ 1 (കുമാർ) ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും അമിത വേഗതയിലാണ് വാഹനം ഓടിച്ചതെന്നും പറയാൻ ആകില്ലെന്നും അപകടം നടന്ന സ്ഥലത്തെ ബാരിക്കേട് ദൂരെ നിന്നും കാണാൻ സാധിക്കുന്ന വിധം അല്ല ഉണ്ടായിരുന്നതെന്നും കോടതി പറഞ്ഞു.
കേസിന്‍റെ എല്ലാ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് ഡൽഹി പൊലീസ് കുമാറിന് 75 ലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടതാണെന്നും നാല് ആഴ്ചയ്ക്കുള്ളിൽ പണം കൊടുക്കണമെന്നും കോടതി വ്യക്തമാക്കി. അപകടം നടക്കുന്ന സമയം, ധീരജ് കുമാർ അമിതവേഗതയിലായതിനാലാണ് ബാരിക്കേഡുകൾ കാണാതിരുന്നതെന്നും വാഹനം സ്പീഡിൽ വന്നതിനാൽ കൃത്യസമയത്ത് ബ്രേക്ക് ചെയ്യാൻ ഇയാൾക്ക് ആയില്ലെന്നും പൊലീസ് വാദിച്ചു. ബാരിക്കേഡുകൾ നന്നായി പ്രകാശമുള്ള സ്ഥലത്താണ് സ്ഥാപിച്ചിരുന്നതെന്നും അവ വളരെ ദൂരെ നിന്ന് കാണാമായിരുന്നെന്നും പൊലീസ് പറയുന്നു.