ഭോപ്പാൽ: ഖാരിഫ് വിളകൾക്ക് നാശനഷ്‌ടം സംഭവിച്ച കർഷകർക്കായി 1600 കോടി രൂപ ഇൻഷുറൻസ് തുക വിതരണം ചെയ്യുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സംസ്ഥാനത്തെ 36 ലക്ഷം കർഷകരുടെ അക്കൗണ്ടുകളിലേക്ക് തുക കൈമാറും.
ഖാരിഫ് വിളകൾക്കുണ്ടായ നഷ്‌ടത്തിന് ആശ്വസമായാണ് കർഷകക്ഷേമ പരിപാടിയുടെ നാലാംഘട്ടത്തിൽ മുഖ്യമന്ത്രി തുക കൈ മാറുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് രണ്ട് മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ യോഗത്തെ അഭിസംബോധന ചെയ്യും. 20,000 ത്തോളം കർഷകർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിന് ചൗഹാൻ നിർദേശം നൽകി. പങ്കെടുക്കുന്ന കർഷകരോട് പുതിയ കാർഷിക നിയമങ്ങളുടെ പ്രയോജനങ്ങൾ വിശദീകരിക്കും.
മറ്റ് ജില്ലകളിൽ സംസ്ഥാന കാബിനറ്റ് മന്ത്രിമാർ ദുരിതാശ്വാസ തുക വിതരണം ചെയ്യും. സമ്മേളനത്തിൽ പങ്കെടുക്കുന്ന കർഷകർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.