ജയ്പൂർ: രാജസ്ഥാനിലെ ഖിൻവാർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറിൽ നിന്ന് ഇരുപത്തിയൊന്ന് കുപ്പി മദ്യവും കണക്കിൽപ്പെടാത്ത 11.36 ലക്ഷം രൂപയും പിടിച്ചെടുത്തു. നാഗൗറിൽ നിന്ന് അജ്മീറിലേക്ക് പോവുകയായിരുന്ന ഇൻസ്‌പെക്ടർ കേസർ സിംഗ് നരുക്കയിൽ നിന്നാണ് ഇത്രയധികം പണം കണ്ടെടുത്തത്.
നാഗൗറിലെ ഖിൻവാർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്നു കേസർ സിംഗ് നരുക്ക. ഇയാൾ അഴിമതിയിലൂടെ പണം സ്വരൂപിച്ചുവെന്നും അത് വീട്ടിലേക്ക് കൊണ്ടുപോകുകയാണെന്നും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അഴിമതി വിരുദ്ധ ബ്യൂറോ സംഘം പരിശോധന നടത്തുകയായിരുന്നു.
ഓഗസ്റ്റ് ഒൻപതിന് രാജസ്ഥാൻ പൊലീസ് സംസ്ഥാനത്തുനിന്ന് 2.7 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തിരുന്നു. ബാർമർ ജില്ലയിൽ നിന്ന് മൂന്ന് കോടി രൂപയും ഓഗസ്റ്റ് ആറിന് ആറ് ലക്ഷം രൂപയുടെ വ്യാജ നോട്ടുകളും പിടിച്ചെടുത്തിരുന്നു. തുടർന്നുള്ള ദിവസങ്ങളിലാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ പക്കൽ നിന്നും ഇത്രയധികം പണം കണ്ടെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.