ലേ (ലഡാക്ക്): ജമ്മു കശ്മീർ വിഭജനത്തെ തുടർന്ന് കേന്ദ്രഭരണ പ്രദേശമായി മാറിയ ലഡാക്കിലെ ആദ്യത്തെ ലഫ്റ്റനന്‍റ് ഗവർണറായി രാധാകൃഷ്ണ മാഥൂർ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് ലേയിൽ നടന്ന ലളിതമായ ചടങ്ങിൽ ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തലിന്‍റെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
ഓഗസ്റ്റ് അഞ്ചിന് സർക്കാർ പാർലമെന്‍റിൽ പാസാക്കിയ 2019ലെ ജമ്മു കശ്മീർ പുന:സംഘടന ബില്ലിന് അനുസൃതമായി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. ഇതാദ്യമായാണ് ഒരു സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റുന്നത്. രാജ്യത്തെ മൊത്തം സംസ്ഥാനങ്ങളുടെ എണ്ണം ഇപ്പോൾ 28 ഉം മൊത്തം കേന്ദ്രഭരണ പ്രദേശങ്ങൾ ഒമ്പതും ആയി.