കൊൽക്കത്ത: ഒറ്റ തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തിയതോടെ പ്രതീക്ഷയിലാണ് ചണ വ്യവസായ മേഖല.പ്ലാസ്റ്റിക്കിന് പകരം ചണം ഉത്പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിക്കും എന്നതാണ് ചണം കർഷകർക്കും ഉൽപന്ന നിർമാതാക്കള്‍ക്കും ആത്മവിശ്വാസം നല്‍കുന്നത്. കേന്ദ്രസർക്കാർ ചണം വ്യവസായത്തിന് പുതുജീവൻ നൽകുമെന്ന് വാഗ്ദാനവും ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് നിരോധനം ഒറ്റയടിക്ക് നടപ്പാക്കാതെ ഉപയോഗം കുറച്ചുകൊണ്ടുവന്ന് ഘട്ടംഘട്ടമായി പൂർണ നിരോധനം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.ഒപ്പം പ്ലാസ്റ്റിക്കിന് ബദലായി ചണത്തിന്‍റെ ഉപയോഗം വർധിപ്പിക്കുകയും ചെയ്യും.
ഫാസ്റ്റ്ഫുഡ് പൊതികൾ മുതൽ വലിയ ബാഗുകൾ വരെയുള്ള ഒറ്റ-ഉപയോഗ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ദൈനംദിന ജീവിതത്തിൽ ഒഴിച്ചു നിർത്താൻ കഴിയാത്ത ഒന്നായതിനാൽ പ്ലാസ്റ്റക്കിന് പകരം വയ്ക്കാൻ ചണത്തിനാകുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
പശ്ചിമ ബംഗാളിലെ നാദിയ, നോർത്ത് 24 പർഗാനാസ് ജില്ലകളിലാണ് ചണം കൃഷി വ്യാപകമായുള്ളത്. ചണം കൃഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മേഖലയുടെ പ്രശ്നങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാനും പരിഹാരങ്ങൾ നിർദേശിക്കാനും കേന്ദ്ര കമ്മീഷൻ പശ്ചിമ ബംഗാൾ ചണം കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നടപടികളിൽ പ്രതീക്ഷ അർപ്പിച്ച് കാത്തിരിക്കുകയാണ് പതിനായിര കണക്കിന് വരുന്ന ചണം കർഷകർ.